കനത്ത ചൂടെങ്കിലും വിഷു വിപണി സജീവമായി

കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പതിയെ ആണെങ്കിലും വിപണി സജീവമായി. തെരുവോരകച്ചവടവും ചൂടുപിടിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ മാനാഞ്ചിറയും പരിസരവും മേളകള്‍കൊണ്ടും കച്ചവടം കൊണ്ടും സജീവമാകും. മുന്‍ കാലങ്ങളെ പോലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കൃഷ്ണവിഗ്രഹങ്ങള്‍ വില്‍പ്പനയ്ക്കായി നേരത്തെ തന്നെഎത്തിക്കഴിഞ്ഞു. പോലീസ് ക്ലബിനു സമീപവും പാവമണിറോഡിലും താത്!കാലിക ഷെഡുകളുണ്ടാക്കി കച്ചവടം തുടങ്ങി. ചൂടുമാത്രമാണ് വലിയ പ്രശ്‌നം. പകല്‍സമയത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഇത് ഇത്തവണത്തെ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ട്. ഷീറ്റിനുള്ളില്‍ ഇരട്ടിചൂടില്‍ കച്ചവടം ചെയ്യേണ്ട അവസ്ഥയാണ് പലര്‍ക്കും. മാനാഞ്ചിറ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും ഖാദി എംപോറിയത്തിനു സമീപവുമാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില്‍പ്പന. വിഷു മേളകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കും. പ്രത്യേക മേളകളില്‍ പൊതുവേ തിരക്കുണ്ടാകാറുണ്ട്. പടക്കവിപണി കൂടി സജീവമാകുന്നതോടെ നഗരം ശരിക്കും വിഷു ആഘോഷത്തിലേക്ക് കടക്കും. കഴിഞ്ഞ തവണ ഒടിയന്‍ പടക്കങ്ങളാണ് തരംഗം സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 'ലൂസിഫറി'നും 'മധുരരാജ'യ്ക്കും വഴിമാറും. വിഷുവിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് പടക്കവിപണി പൊടിപൊടിക്കുക. പതിവുപോലെ തുണിത്തരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. വിഷുക്കോടി വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നതോടെ കോഴിക്കോട്ടെ പ്രധാന വ്യാപാരസിരാകേന്ദ്രമായി മിഠായിത്തെരുവും തിരക്കിലമരും. പാടങ്ങളില്‍ കണിവെള്ളരികള്‍ വിളവെടുത്തുകഴിഞ്ഞു. നാടന്‍ വെള്ളരി മാര്‍ക്കറ്റിലെത്തിയതോടെ വിലയിലും കുറവുണ്ടായി. കനത്തചുടുമൂലം വെള്ളരി കേടുവരുന്ന അവസ്ഥയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍