രജിസ്‌ട്രേഷനില്‍ റെക്കാഡ് വര്‍ദ്ധന, നേട്ടത്തിന്റെ നെറുകയില്‍ സാക്ഷരതാമിഷന്‍

തിരുവനന്തപുരം: സാക്ഷരതാമിഷന്‍ രജിസ്‌ട്രേഷനുകളില്‍ ഇത്തവണ റെക്കാഡ് നേട്ടം. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയും വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലുമായി മൊത്തം രജിസ്റ്റര്‍ ചെയ്തത് 2,04,178 പേരാണ്. പുതിയ അദ്ധ്യയന വര്‍ഷം സാക്ഷരതയ്ക്ക് 49,566, തുല്യതാ കോഴ്‌സുകളായ നാലാംതരത്തിന് 40,260, ഏഴാംതരം 24,393, പത്താംതരം 35,306, ഹയര്‍ സെക്കന്‍ഡറി 33,798 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളത്തിന് 749, അച്ഛീ ഹിന്ദി 448, ഗുഡ് ഇംഗ്ലീഷ് 3658 എന്നിങ്ങനെ രജിസ്‌ട്രേഷന്‍ നടന്നു. 2000 ല്‍ നാലാംതരം തുല്യത ആരംഭിക്കുമ്പോള്‍ വെറും 2600 പേരാണ് നാലാംതരം തുല്യതാ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം രജിസ്‌ട്രേഷന്‍ 8,715 ആയിരുന്നു. ഏതാണ്ട് അഞ്ചിരട്ടിയോളം വര്‍ദ്ധനയാണ് നാലാംതരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴാംതരത്തിന് രജിസ്റ്റര്‍ ചെയതത് 8,915 പേര്‍ മാത്രമായിരുന്നു. പത്താംതരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷനിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനയുണ്ട്. പുതിയ അദ്ധ്യയന വര്‍ഷം പത്താംതരത്തിന് രജിസ്റ്റര്‍ ചെയ്തത് 35,306 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,520 ആണ്. 2006 ല്‍ പത്താംതരം തുല്യതാ കോഴ്‌സ് ആരംഭിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ 2,819 മാത്രം. ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ 33,798 പേര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനയാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ 32,143 ആണ്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം 16,000 പേര്‍ ഇപ്പോള്‍ പഠിക്കുന്നു. തുല്യതാ കോഴ്‌സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ പ്രത്യേക കര്‍മ പദ്ധതികള്‍ക്ക് സാക്ഷരതാമിഷന്‍ രൂപം നല്‍കിയിരുന്നു. രജിസ്‌ട്രേഷന്‍ നടത്തുന്നരെ പൂര്‍ണമായും പരീക്ഷയ്‌ക്കെത്തിക്കുന്നതിനായി പ്രേരക്മാര്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. 2006 07വര്‍ഷം ആരംഭിച്ച പത്താംതരം തുല്യതാ പരിപാടിയുടെ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കമ്പോള്‍ ആകെ രജിസ്റ്റര്‍ ചെയ്തതില്‍ പകുതിയും പരീക്ഷക്കെത്തിയിട്ടില്ലെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹയര്‍സെക്കന്‍ഡറി തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്ല്‌സ് ടുവിന് തുല്യമാക്കി 2018ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടയാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് കൂടുതല്‍ ശക്തമായത്. 2015 ല്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് ആരംഭിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റിന് ഉപരിപഠനത്തിനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള ആശങ്ക പഠിതാക്കളില്‍ പ്രകടമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍