പ്രധാനമന്ത്രിപദത്തിന്റെ മാന്യത മോദി കാക്കണം: പിണറായി

കൊല്ലം: അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പച്ചകള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയുടെ പേരുംപറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി പദത്തിന്റെ മാന്യത മോദി കാക്കണം. കേരളത്തില്‍ വന്ന് തീര്‍ഥാടനകേന്ദ്രമെന്നും മറ്റ് പറയുകയും തൊട്ടടുത്ത് മംഗലാപുരത്ത് പോയി അയ്യപ്പന്റെ പേരില്‍ നുണ പ്രചരിപ്പിക്കുന്നത് കേരളത്തെ അപമാനിക്കലാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരവിപുരം പള്ളിമുക്ക്, കരുനാഗപ്പിള്ളി, പറവൂര്‍ ചടയമംഗലത്തും സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ അറസ്റ്റ് ഉണ്ടാവും. പശുവിന്റെ പേരില്‍ ആരു കൊല നടത്തിയാലും വീട്ടില്‍ സൂക്ഷിച്ച ഭക്ഷണം പരിശോധിച്ച് കൊലനടത്തിയാലും മറ്റ് സംസ്ഥാനങ്ങളില്‍ മോദിയുടെ അനുയായികള്‍ക്ക് എതിരെ നടപടിയുണ്ടാവില്ല. ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ സംരക്ഷിച്ചു. എന്നാല്‍ കേരളത്തില്‍ അത് നടപ്പില്ല. അയ്യപ്പന്റെ പേര് ഉച്ചരിച്ചതിനല്ല, നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ബിജെപി നേതാക്കള്‍ ജയിലില്‍ ആയത് .
ശബരിമലയില്‍ കലാപമുണ്ടാക്കാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. ശബരിമലയില്‍ കാണിക്കയിടുന്നത് തടസപ്പെടുത്താന്‍ ശ്രമിച്ചു. വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനല്‍പടയെ അയച്ചില്ലെ ശബരിമല തിരുസന്നിധിയില്‍ കുഴപ്പമുണ്ടാക്കി ശബരിമലയെ കലാപഭൂമിയാക്കാനാണ് മോദിയുടെ അനുയായികള്‍ ശ്രമിച്ചത്. പോലീസുകാരെ തേങ്ങ കൊണ്ട് എറിഞ്ഞില്ലെ. ശബരിമലയെ ഔന്ന്യത്തിലേക്ക് കൊണ്ടുപോവാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അക്കാര്യങ്ങളെ പറ്റി തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കൂടുതല്‍ പറയുന്നില്ല. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ശബരിമല വിധി നടപ്പിലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരല്ലെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ ഉപദേശം ഇല്ലാതെ തന്നെ വിധിയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ മോദി മറ്റൊന്ന് പറയുന്നു എന്തിനാണ് മോദി ഈ ഇരട്ടത്താപ്പ് എന്ന് മുഖ്യമന്ത്രി ചോദിച്ചു .
ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് 2004ല്‍ കേരളം കാണിച്ചുതന്നു. ഇടത്പക്ഷത്തിന് 20ല്‍ 18 സീറ്റ് നല്‍കി.
ഇത്തവണ അതിലും കുടുതല്‍ സീറ്റ് ലഭിക്കും. ബിജെപിക്ക് പകരം അതേ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ് വന്നിട്ട് കാര്യമില്ല. മന്‍മോഹന്‍ സിങ് മാറി നരേന്ദ്രമോദി വന്നപ്പോള്‍ പേരില്‍ മാത്രമാണ് മാറ്റം ഉണ്ടായത് . ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഇരുകൂട്ടരും നവഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കിയത്. ഇതില്‍ മാറ്റം വരണമെങ്കില്‍ ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍ വരണമെന്നും പിണറായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍