നാടോടി ബാലികയെ ആക്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എടപ്പാള്‍: ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിലെ ബാലികയെ ആക്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. കുട്ടികള്‍ക്ക് നേരേ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.രാഘവന്‍ (72) ആണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എടപ്പാളിലെ പട്ടാമ്പി റോഡില്‍ രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. തമിഴ്‌നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ് ഇവിടെ പഴയ സാധനങ്ങള്‍ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവന്‍ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കൈയിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് കുട്ടിയുടെ നെറ്റിയില്‍ പതിച്ച് ആഴത്തില്‍ മുറിഞ്ഞു. നെറ്റിപൊട്ടി രക്തമൊലിച്ചുനിന്ന കുട്ടിയെ ഉടനെ പരിസരവാസികള്‍ ചേര്‍ന്നു എടപ്പാളിലെ ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമായ സാഹചര്യത്തിലാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍