മഞ്ചേരി മെഡിക്കല്‍ കോളജ് ഏഴാം ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനം അടുത്തമാസം

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളജ് ഏഴാം ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനം അടുത്തമാസം ആരംഭിക്കും. നിലവില്‍ ഒരു ബാച്ചില്‍ നൂറു കുട്ടികള്‍ക്കാണ് പ്രവേശനം. ആദ്യബാച്ചിന്റെ ബിരുദദാന സമ്മേളനം 11നു ആരംഭിക്കാനിരിക്കേ രണ്ടാം ബാച്ച് വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്‍സി ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ആരംഭിച്ചു. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ അഭാവം, സര്‍ജറി വിഭാഗം ഉള്‍പ്പെടെ അധ്യാപകര്‍, സീനിയര്‍ ജൂണിയര്‍ ഡോക്ടര്‍മാരുടെ അപര്യാപ്തത എന്നീ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്പ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിരസിച്ചിരുന്നു. തുടര്‍ന്നു മൂന്നു ദിവസം കുട്ടികള്‍ ആശുപത്രിയില്‍ നിരാഹാരസമരം നടത്തി. ഇത്തരത്തില്‍ അസൗകര്യങ്ങള്‍ നേരിട്ടാണ് ആദ്യ രണ്ടു ബാച്ചുകളില്‍ മികച്ച വിജയം കൈവരിക്കാനായത് എന്നതു അഭിമാനകരമാണ്. കോളജിന്റെ അംഗീകാരം നിലനിര്‍ത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും പിടിഎയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യബാച്ചില്‍ 85 ലധികം കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ രണ്ടാം ബാച്ചില്‍ പരീക്ഷയെഴുതിയ 84 ല്‍ 80 പേരും വിജയിച്ചു. മെഡിക്കല്‍ കോളജില്‍ എട്ടു നിലകളുള്ള നാലു കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍, അധ്യാപക, അനധ്യാപക ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ കെട്ടിടങ്ങളാണ് പുരോഗമിക്കുന്നത്. ബൈപാസ് റോഡില്‍ നിന്നും കാമ്പസില്‍ നിന്നും കാമ്പസിന് പുറത്തു നിന്നുമായി മൂന്നു വഴികളിലൂടെ പുതിയ കെട്ടിടത്തിലെത്താം. രണ്ടാഴ്ചമുമ്പ് മെഡിക്കല്‍ കൗണ്‍സിലിനു ചുമതലയുള്ള ഗവേണിംഗ് ബോഡി കോളജില്‍ പരിശോധന നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍