ഐ.പി.എല്ലിന്റെ മറവില്‍ നടക്കുന്നത് കോടികളുടെ വാതുവെയ്‌പ്പെന്ന് ആരോപണം

കൊച്ചി: രാജ്യത്ത് ഐ.പി.എല്‍ മത്സരങ്ങളെ മറയാക്കി പുറത്ത് കോടികളുടെ ഓണ്‍ലൈന്‍ ബെറ്റിംഗ് നടക്കുന്നതായി വിവരം. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ്. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കിടെയും വാതുവയ്പ്പ് ഗ്രൂപ്പുകള്‍ സജീവമായിരുന്നു. രാജ്യത്ത് വാതുവയ്പ്പിനെതിരെ നേരത്തേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പൂര്‍ണമായി തടയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ അടിവരയിടുന്നത്. അതീവ രഹസ്യമായി നടക്കുന്ന വാതുവയ്പ്പില്‍ നിരവധിപേരാണ് പണമെറിഞ്ഞ് പണം വാരുന്നത്. പ്രത്യേകം രൂപീകരിച്ച ഗ്രൂപ്പില്‍ അംഗമാകുന്ന ആര്‍ക്കും വാതുവയ്പ്പില്‍ പങ്കെടുക്കാം. എന്നാല്‍, അത്ര എളുപ്പത്തില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ കഴിയില്ല. വാതുവയ്പ്പ് സംഘങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഇത് ഗ്രൂപ്പ് അഡ്മിനടക്കം വിശ്വാസയോഗ്യവുമായാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ. ഇതുകൊണ്ടും തീര്‍ന്നില്ല. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ലിങ്കില്‍ കയറി പണം നല്‍കണം. 3,000 രൂപയാണ് ഏറ്റവും കുറഞ്ഞ ബെറ്റിംഗ് ചാര്‍ജ്.ടോസ്, സിക്‌സ്, ഫോര്‍,വിക്കറ്റ്, സ്‌കോര്‍ തുടങ്ങി മത്സരത്തിനിടെ നടക്കുന്നതെല്ലാം വാതുവയ്പ്പിന് വിഷയമാകും. പ്രവചനം കൃത്യമായാല്‍ ഓണ്‍ലൈനായി തന്നെ പണമെത്തും. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഐ.പി.എല്‍ 12ാം സീസണ്‍ മികച്ച രീതിയില്‍ പുരോഗമിക്കവെ വാതുവയ്പ്പ് സജീവമാണെന്ന് തെളിയിച്ചുകൊണ്ട് നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. വഡോദരയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ കോച്ച് തുഷാര്‍ അറോത്തയാണ് പിടിയിലായവരിലെ പ്രമുഖന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍