പഴശി സാഗര്‍ പദ്ധതി തുരങ്ക നിര്‍മാണം; ആഘാതനിര്‍ണയ പരിശോധന തുടങ്ങി

ഇരിട്ടി: പഴശി സാഗര്‍ വൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിലേക്കുള്ള തുരങ്കനിര്‍മാണത്തിനായുള്ള സ്‌ഫോടനത്തിന്റെ ആഘാതനിര്‍ണയ പരിശോധന തുടങ്ങി.
സ്‌ഫോടനത്തെ തുടര്‍ന്നി നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച പഴശിസാഗര്‍ മിനി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ളതുരങ്ക നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിച്ചെടുക്കുന്ന പ്രവൃത്തിയുടെ സ്‌ഫോടനങ്ങളുടെ പ്രകമ്പനശേഷി നിര്‍ണയിക്കുന്നതിനുള്ള പരിശോധനയാണു തുടങ്ങിയത്.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കീഴിലുള്ള ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ മേല്‍നോട്ടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണു പാറ പൊട്ടിച്ചെടുക്കുന്നതിനുള്ള സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങളുടെ തോത് കുറച്ചു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രദേശത്ത് തുടക്കമായത്.
ഏഴുദിവസം നീളുന്ന പരിശോധനയാണു നടക്കുന്നതെന്നും സ്‌ഫോടനത്തിന്റെ തോത് കുറച്ചു വരും ദിവസങ്ങില്‍ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കല്‍ പ്രവൃത്തി തുടരുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭരണിയില്‍നിന്ന് 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കവും അവിടെനിന്നു ചെറിയ മൂന്നു തുരങ്കങ്ങളും നിര്‍മിച്ചാണു പവര്‍ഹൗസിലേക്കു വെള്ളമെത്തിച്ചു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. പഴശി പദ്ധതി കുയിലൂര്‍ വളവ് റോഡിനു കുറുകെയാണു തുരങ്കം നിര്‍മിക്കുന്നത്. ആറുമാസത്തിനുള്ളില്‍ തുരങ്കം പൂര്‍ത്തീകരിക്കാനാണു ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍