ജമ്മു കശ്മീരിനുള്ള പ്രത്യേക വകുപ്പ് എടുത്തുകളയും: അമിത് ഷാ

കാലിംപോംഗ്/റായ്ഗഞ്ച്: ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിനുള്ള പ്രത്യേക വകുപ്പ് (370ാം വകുപ്പ്) എടുത്തുകളയുമെന്ന് അമിത് ഷാ. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍ആര്‍സി) രാജ്യവ്യാപകമാക്കുമെന്നും പശ്ചിമബംഗാളിലെ ഡാര്‍ജിലിലുള്ള കാലിംപോംഗിലും വടക്കന്‍ ദിനാജ്പുരിലെ റായിഗഞ്ചിലും തെരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനങ്ങളോടെയാണ് അമിത് ഷാ ജനക്കൂട്ടത്തെ കൈയിലെടുത്തത്. ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ മമത ബാനര്‍ജി ചോദ്യംചെയ്യുന്നത് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനാണ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടതുപോലെ ജമ്മു കശ്മീരിനു പ്രത്യേക പ്രധാനമന്ത്രിയെ വേണമോയെന്നതില്‍ മമത നിലപാട് വ്യക്തമാക്കണമെന്നും കാലിംപോംഗില്‍ അദ്ദേഹം പറഞ്ഞു. ദിനാജ്പുരില്‍ പൗരത്വപ്രശ്‌നത്തെ മുന്‍നിര്‍ത്തിയായിരുന്നു അമിത് ഷായുടെ പ്രസംഗം. ഒരവസരംകൂടി നല്‍കിയാല്‍ ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തുടച്ചുനീക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ മമത ബാനര്‍ജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കും. ഇതുവഴി അനധികൃത കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിവാക്കാനാകും. നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കിനായി സംരക്ഷിക്കാന്‍ ബിജെപിക്കു കഴിയില്ല. ദേശസുരക്ഷയ്ക്കാണു പ്രഥമ പരിഗണന. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വിശ്വസിക്കുന്ന എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍