ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പിനു പ്രചാരണ പോസ്റ്റര്‍ തയാറായി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ഒരുക്കിയ പ്രചാരണ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ അമിത് മീണ പുറത്തിറക്കി. ഭിന്നശേഷിക്കാരുടെ തെരഞ്ഞെടുപ്പ് അംബാസഡറായ ജസ്ഫര്‍ കോട്ടക്കുന്നിന് പോസ്റ്റര്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയില്‍ 18407 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ കാഴ്ചപരിമിതിയുള്ള 2991 പേരും 3572 സംസാര ശ്രവണ വൈകല്യമുള്ളവരും ഉള്‍പ്പെടും. ശാരീരിക വെല്ലുവിളി നേരിടുന്ന 10554 പേരും വോട്ടര്‍പട്ടികയിലുണ്ട്. മറ്റു തരത്തിലുള്ള ഭിന്നശേഷിയുള്ള 1290 വോട്ടര്‍മാരുമുണ്ട്. ഇവരെ മുഴുവന്‍ പോളിങ്ങ് ബൂത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വാഹന സൗകര്യം ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് നല്‍കുക. ഇതിന്റെ ഭാഗമായി 369 വാഹനങ്ങളാണ് തയാറാക്കുന്നത്. ഭിന്ന ശേഷിക്കാരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനു ജില്ലാതലത്തില്‍ സാമൂഹ്യനീതി ഓഫീസറെയും താലൂക്കുതലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ വില്ലേജ്തല പിഡബ്ല്യൂഡി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ ഒരു കോഓര്‍ഡിനേറ്ററും മൂന്നു മെംബര്‍മാരും ഉണ്ടാകും. യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള ചുമതല വില്ലേജ്തല ടീമിനാണ്. 
സജ്ജീകരിക്കുന്ന വാഹനങ്ങളില്‍ ഓട്ടോ,ടാക്‌സി വിഭാഗത്തില്‍പ്പെട്ടതും ഇതിനു പുറമെ ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുമായിരിക്കും. പോളിംഗ് ദിവസം വാഹനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു ഒരു പോയിന്റ് നിശ്ചയിക്കും. ഇതിനു പുറമെ വില്ലേജ് ട്രാന്‍സ്‌പോട്ടേഷന്‍ ടീം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രാ സൗകര്യം ഒരുക്കേണ്ട ഭിന്നശേഷിക്കാരുടെ വിവരവും റൂട്ട് മാപ്പും സമയവും നിശ്ചയിക്കും.ഭിന്നശേഷിക്കാരുടെ വീട്ടില്‍ വാഹനം എത്തുന്ന സമയം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് ബിഎല്‍ഒമാര്‍ ഉറപ്പുവരുത്തും. ഓരോ വില്ലേജ്തല കോണ്‍ട്രാക്ട് പോയന്റിനും രണ്ടു വോളണ്ടിയര്‍മാര്‍ ഉണ്ടാകും. ഓരോ പോളിങ്ങ് ബൂത്തിലും ഓരോ വീല്‍ ചെയര്‍ സജ്ജീകരിക്കും. ഓരോ വില്ലേജ് കോണ്‍ട്രാക്ട് പോയന്റിലും ഒരു സ്‌ട്രെച്ചര്‍ തയാറാക്കണമെന്നുമാണ് തീരുമാനം. പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ അനില്‍കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണ മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍