ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം

ലോസ് ആഞ്ചലസ്:ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ യുഎസില്‍ വിജയകരമായി നടത്തി. സ്ട്രാറ്റോലോഞ്ച് കമ്പനി നിര്‍മിച്ച ആറ് എന്‍ജിനുള്ള വിമാനത്തിന് രണ്ടു ഫ്യൂസലേജ്(ബോഡി) ഉണ്ട്. തല മുതല്‍ വാല്‍വരെ 238ഉം ചിറകുകള്‍ക്കിടെ 385ഉം അടി നീളമുണ്ട്. കലിഫോര്‍ണിയയിലെ മൊഹാവെ എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍നിന്ന് ശനിയാഴ്ച രാവിലെ പറന്ന വിമാനം മണിക്കൂറില്‍ 302 കിലോമീറ്റര്‍ വേഗം കൈവരിച്ചു. രണ്ടര മണിക്കൂര്‍ ആകാശത്തു തുടര്‍ന്നു. 17,000 അടി വരെ ഉയരത്തില്‍ പൊങ്ങി. ഒരേസമയം മൂന്നു റോക്കറ്റുകള്‍ വഹിച്ചു പറക്കാനാവും. റോക്കറ്റുകള്‍ ആകാശത്തുവിക്ഷേപിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന പോള്‍ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കമ്പനിക്കായി മുതല്‍ മുടക്കിയത്. അല്ലന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ അന്തരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍