അതിര്‍ത്തി മേഖലകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി

മൂന്നാര്‍: തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മൂന്നാറടക്കമുള്ള പ്രദേശങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിആര്‍പിഎഫ് ജവാന്‍മാരടക്കമുള്ള പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരുസംസ്ഥാനങ്ങളിലേക്കും അനധികൃതമായി പണമോ ലഹരി വസ്തുക്കളോ എത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും തടയിടുന്നതിനുംവേണ്ടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പുസമയത്ത് തോട്ടം തൊഴിലാളികളെ സ്വാധീനിക്കുന്നതിനായി എത്തിച്ച പണവും പാരിതോഷികങ്ങളും പിടിച്ചെടുത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ വോട്ടുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാര്‍ അടക്കമുള്ള മേഖലകളിലുള്ളത്. അതുകൊണ്ട് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലെത്തുന്നത് പതിവാണ്. ഇത്തരത്തില്‍ എത്തുന്നവരുടെ കൈയില്‍ പണമോ മറ്റു പാരിതോഷികങ്ങളോ ലഹരി വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് പരിശോധന നടത്തുന്നതെന്നും അനധികൃത ഇടപാടുകള്‍ തടയുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗംകൂടിയാണ് പരിശോധനയെന്നും പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍