സ്‌ട്രോംഗ് റൂം പൂട്ടാന്‍ തന്റെ താഴ് ഉപയോഗിക്കണം; വിചിത്ര ആവശ്യവുമായി ബിജെപി സ്ഥാനാര്‍ഥി


നിസാമാബാദ്: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ മാത്രംപോര എതിരാളിയുടെ ചലനങ്ങളോരൊന്നും അറിയണം.
ഈ പേടി ചില സ്ഥാനാര്‍ഥികളുടെയെങ്കിലും ഉറക്കംകെടുത്തും. അത്തരത്തില്‍ ഉറക്കം നഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ഥി വിചിത്രമായ ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറി താന്‍ നല്‍കുന്ന താഴ് ഉപയോഗിച്ച് പൂട്ടണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് അധികൃതരെ സമീപിച്ചിരിക്കുന്നത്. ഇവിഎമ്മുകളും വിവിപാറ്റുകളും സൂക്ഷിക്കുന്ന മുറി പൂട്ടാന്‍ തന്റെ താഴും താക്കോലും ഉപയോഗിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന.
റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് അരവിന്ദ് ധര്‍മപുരി കത്ത് നല്‍കി. താഴും താക്കോലും തന്റെ തന്നെയാകുമ്പോള്‍ തനിക്ക് മുറി തുറന്ന് കൃത്രിമം കാണിക്കാമെന്ന ചിന്തയല്ല, എതിരാളികള്‍ സ്‌ട്രോംഗ് റൂം തുറന്നാലോ എന്ന ആശങ്കയാണ് കത്തിനു പിന്നിലെന്നാണ് വിശദീകരണം.
എന്നാല്‍ എതിരാളികള്‍ ഇതൊട്ട് വിശ്വസിച്ചമട്ടില്ല. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും സ്ഥലം എംപിയുമായ കെ. കവിതയാണ് അരവിന്ദ് ധര്‍മപുരിയുടെ പ്രധാന എതിരാളി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍