കേരളത്തില്‍ പ്രചാരണം മൂര്‍ധന്യത്തില്‍;താരപ്രചാരകര്‍ എത്തിതുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍കൂടി മാത്രം.രാഷ്ട്രീയ പോരാട്ടത്തിന്റെ അവസാനവട്ട കുതിപ്പിനൊരുങ്ങുകയാണു മൂന്നു മുന്നണികളും. സ്ഥാനാര്‍ഥികളുടെ പര്യടനം അവസാന റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള മെഗാ റാലികളും സമ്മേളനങ്ങളും വഴി വോട്ടര്‍മാരുടെ മനസിളക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കോഴിക്കോട്ടെത്തി. കോഴിക്കോട് ബീച്ചില്‍ വന്‍ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു.എന്‍.ഡി.എയുടെ വിജയ് സങ്കല്‍പ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ പാരമ്പര്യമായ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വന്നാല്‍ ഭരണഘടനയുടെ പരിരക്ഷ ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 18നും പ്രധാനമന്ത്രി എത്തുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. ബുധനാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടില്‍ കേന്ദ്രീകരിക്കും. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളും ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലുണ്ടാകും. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പര്യടനം നടന്നുവരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയം ഉള്‍പ്പെടെയുള്ള സംസ്ഥാന വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ യുള്ള വിമര്‍ശനങ്ങളുമായി തുടങ്ങിവച്ച പ്രചാരണത്തിന്റെ ദിശതന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ മാറിമറിഞ്ഞു. അതുവരെ ഇടതുപക്ഷം ഒരുവശത്തും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫും എന്‍ഡിഎയും മറുവശത്തുമെന്നതായിരുന്നു നിലയെങ്കില്‍ രാഹുലിന്റെ വരവോടെ അതു മാറി. രാഹുലിനെ വിമര്‍ശിക്കുന്നതില്‍ ഇടതുപക്ഷവും ബിജെപിയും മത്സരിച്ച് ആവേശം പ്രകടിപ്പിച്ചു. രാഹുല്‍ തരംഗത്തിനു തടയിടുന്നതിലായി ഇടതുപക്ഷത്തിന്റെ ഊന്നല്‍. രാഹുല്‍ അമേഠിയില്‍ നിന്നു പേടിച്ചോടുന്നു എന്ന് ഇടതുപക്ഷവും ഏറ്റെടുത്തു. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചു കൊണ്ടുള്ള അമിത് ഷായുടെ പരാമര്‍ശമാണിപ്പോള്‍ പുതിയ വിവാദം. അമിത് ഷായുടെ പ്രസംഗം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിനു പാകപ്പെട്ടതായിരിക്കാം. എന്നാല്‍, കേരളത്തിലെ വോട്ടര്‍മാരെ അത് ഏതു തരത്തില്‍ സ്വാധീനിക്കുമെന്നു കണ്ടറിയണം. ഏതായാലും ഇതു കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞായാല്‍ പോലും അമിത് ഷായ്ക്കു സ്വന്തം വാക്കുകള്‍ തിരുത്തേണ്ടി വരുമെന്നാണ് ഉമ്മന്‍ ചാണ്ടി ഇന്നലെ അഭിപ്രായപ്പെട്ടത്. വയനാട്ടില്‍ സ്ഥാനാര്‍ഥിയെ മാറ്റി മത്സരം രാഹുല്‍ ഗാന്ധിയും എന്‍ഡിഎയും തമ്മില്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു ഫലിച്ചില്ല. ഇവിടെ മത്സരം രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫും തമ്മില്‍ തന്നെ. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ രാഹുല്‍ തരംഗമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി തിരിയാനുള്ള സാധ്യതയും മെച്ചപ്പെട്ട വിജയത്തിനു വഴിതെളിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. ചില മണ്ഡലങ്ങളിലെങ്കിലും ഉണ്ടായ ആന്തരിക അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് പ്രചാരണം ഊര്‍ജസ്വലമാക്കാനുള്ള നീക്കങ്ങളും യുഡിഎഫില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായി. മറുവശത്ത് രാഹുല്‍ തരംഗത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. കഴിഞ്ഞ ദിവസം കല്‍പറ്റയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോ തന്നെ രാഹുല്‍ സ്വാധീനമുണ്ടായിട്ടില്ലെന്നു കാട്ടിക്കൊടുക്കുവാനുള്ള പ്രചാരണപരമായ പരിപാടിയായിരുന്നു. വയനാടിനു പുറത്തേക്കു രാഹുല്‍ ഇഫക്ട് പരക്കാതിരിക്കാനാണ് ഇടതുശ്രമം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍