വയനാടിന് കൈത്താങ്ങായി ലോകാരോഗ്യ സംഘടന

മാനന്തവാടി: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുടിവെള്ളം, ശുചിത്വം, വൃത്തി മേഖലകളില്‍ സഹായ ഹസ്തവുമായി ലോകാരോഗ്യ സംഘടന. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വാട്ടര്‍ എയ്ഡ് ഏജന്‍സിയും സംയുക്തമായി വയനാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് ലോകാരോഗ്യ സംഘടന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടന്ന പദ്ധതി ആസൂത്രണ യോഗം സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന പ്രിതിനിധി മന്‍ജിദ് സലൂജ പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 60 അങ്കണവാടികളിലും 10 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ദ്വാരക ആയൂര്‍വേദ ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും കുടിവെള്ളം, ശുചിത്വം, വൃത്തി മേഖലകളില്‍ വിവിധങ്ങളായ വികസന പരിപാടികള്‍ നടപ്പിലാക്കുമെന്ന് മന്‍ജിദ് സലൂജ വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് സബ് കളക്ടര്‍ ആവശ്യപ്പെട്ടു. വാട്ടര്‍ എയ്ഡ് റീജണല്‍ മാനേജര്‍ രാജേഷ് രംഗരാജന്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, വാട്ടര്‍ എയ്ഡ് പ്രോഗ്രാം ഓഫീസര്‍ ബൈജേഷ് കട്ടര്‍കണ്ടി, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ലിജിന, ജില്ലാ ആയുഷ് ആശുപത്രി പ്രതിനിധി ഡോ. സിജോ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍