വീണ്ടും ദുരഭിമാനക്കൊല: മകളെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. സംഭവം തമിഴ്‌നാട് സേലത്ത് കൊണ്ടലാംപെട്ടിയിലാണ്. മാതാപിതാക്കളുടെ ദുരഭിമാനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 19കാരിയായ രമ്യ ലോഷിനിക്കാണ്. മകളെ കൊന്ന ശേഷം നെയ്ത്തു തൊഴിലാളിയായ രാജ്കുമാറും (43), ഭാര്യ ശാന്തിയും (32) തൂങ്ങിമരിക്കുകയായിരുന്നു. അയല്‍വാസികളാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രമ്യ ശ്വാസം മുട്ടിയാണു മരിച്ചതെന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ദുരഭിമാനക്കൊലയുടെ ചുരുള്‍ നിവര്‍ന്നത്. ദളിത് യുവാവുമായി ലോഷിനിക്കുണ്ടായിരുന്ന പ്രണയം മാതാപിതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. ഇതിന്റെ പേരില്‍ ദിവസവും വീട്ടില്‍ വഴക്കു നടന്നിരുന്നതായി യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സേലത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രമ്യ കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ലോകനാഥനാണ് രമ്യയുടെ സഹോദരന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍