മല്യക്കു തിരിച്ചടി, തിരിച്ചയയ്ക്കല്‍ വിധിക്കെതിരായ അപേക്ഷ തള്ളി

ലണ്ടന്‍: ബാങ്കുകള്‍ക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മല്യ നല്കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീല്‍ നല്‍കാന്‍ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാന്‍ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി മല്യ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ല്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുമ്പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാര്‍ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍