വയനാടിനൊപ്പം എന്നുമുണ്ടാകുമെന്നു രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെയും വയനാട്ടിലെയും ജനങ്ങള്‍ നല്‍കുന്ന സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ചു നല്‍കും. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷം ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടില്‍ നടത്തിയ റോഡ് ഷോയുടെ ഫോട്ടോകള്‍ കൂടി ട്വീറ്റ് ചെയ്തു കൊണ്ടാണ് കുറിപ്പിട്ടിരിക്കുന്നത്. റോഡ് ഷോയ്ക്കിടെ വീണു പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച അദ്ദേഹം, അതിന്റെ ഫോട്ടോയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, വയനാട്ടില്‍ മത്സരിക്കുന്നതു ചരിത്രനിയോഗമാണെന്നും വയനാടിനെ തന്റെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുമെന്നും വോട്ടര്‍മാര്‍ക്കുള്ള അഭ്യര്‍ഥനയായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാഹുല്‍ പറയുന്നു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടിയ കേരളവര്‍മ പഴശിരാജയുടെ മണ്ണില്‍നിന്നു തുടങ്ങാം. വയനാടിനൊപ്പം എന്നുമുണ്ടാകും. പ്രളയത്തില്‍ നശിച്ചുപോയ വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എന്നുമുണ്ടാകുമെന്നും അഭ്യര്‍ഥനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍