നോട്ടു നിരോധിച്ച വര്‍ഷത്തില്‍ നികുതി അടയ്ക്കാതിരുന്നവര്‍ 88 ലക്ഷം

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച 2016-2017 സാമ്പത്തിക വര്‍ഷം നികുതി അടയ്ക്കാതിരുന്നത് 88 ലക്ഷം പേര്‍. നോട്ട് നിരോധനത്തെത്തുടര്‍ന്ന് 2016-2017 സാമ്പത്തിക വര്‍ഷം 1.06 കോടി പുതിയ നികുതിദായകര്‍ എത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, നാലു വര്‍ഷത്തെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍, നേരത്തെ ആദായനികുതി അടച്ചവരില്‍ പലരും നോട്ട് നിരോധനമേര്‍പ്പെടുത്തിയ വര്‍ഷം നികുതി അടച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 2015-2016സാമ്പത്തിക വര്‍ഷം 8.56 ലക്ഷം ആളുകളാണ് നികുതി അടയ്ക്കാത്തതെങ്കില്‍ 20162017 ഇതിന്റെ പത്തു മടങ്ങ് (88.04 ലക്ഷം) ആളുകളാണ് നികുതി അടയ്ക്കാനുണ്ടായിരുന്നത്. ഇത് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ സംഖ്യയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2013 ല്‍ 37.54 ലക്ഷം, 2014 ല്‍ 16.32 ലക്ഷം, 2015 ല്‍ 8.56 ലക്ഷം എന്നിങ്ങനെയാണ് പല കാരണങ്ങളാല്‍ നികുതി അടയ്ക്കാത്തവര്‍. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് നോട്ട് നിരോധനത്തോടെ 88.04 ല്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ കൃത്യമായി നികുതി അടച്ചിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതടക്കം പല കാരണങ്ങളാല്‍ നികുതി അടയ്ക്കാനാകാതെ വന്നതാണ് എണ്ണം ഇത്രയധികം വര്‍ധിക്കാന്‍ കാരണം. ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനമാര്‍ഗം ഇല്ലാതായതുമാണ് നികുതി അടയ്ക്കാത്തതിന് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ആകെയുള്ള കറന്‍സിയുടെ 86 ശതമാനം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ സാമ്പത്തിക നില ആകെ തകര്‍ന്നുവെന്നും ഇവര്‍ പറയുന്നു. ഇന്ത്യയുടെ ധനകമ്മി വര്‍ധിക്കുന്നതായി അടുത്തയിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ജിഡിപിയുടെ 3.3% ആയി കമ്മി ചുരുക്കുമെന്ന് ബജറ്റില്‍ മോദി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇത് മുന്‍വര്‍ഷത്തെ പോലെ ഇതു 3.5 % ആകുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു(ജിഡിപിയുടെ 3.3%). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കില്‍ ഇത് 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8 %. ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 112 % ആയിരുന്നു.ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടു വലിക്കുന്നതിന് നോട്ട് നിരോധനവും ജിഎസ്ടിയും കാരണമായെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് 2012 മുതല്‍ 2016 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നുവെന്നും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍