50 ശതമാനം വിവിപാറ്റ് എണ്ണണം: പ്രതിപക്ഷം

 ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയേ തീരൂ എന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടെണ്ണല്‍ അഞ്ച് ദിവസം നീണ്ടാലും കാത്തിരിക്കാന്‍ തയാറാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാര്‍ട്ടികള്‍ അറിയിച്ചു. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് ആറു ദിവസമെങ്കിലും വേണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലത്തിനു നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് 21 പാര്‍ട്ടികളും നിലപാടറിയിച്ചത്. പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണണമെങ്കില്‍ ആറു ദിവസം വേണമെന്ന കമ്മീഷന്‍ നിലപാടിനെയും പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നു. കമ്മീഷന്‍ പറയുന്ന ആളുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചാല്‍ ആറു ദിവസമെന്നതു മൂന്നു ദിവസമാകും. 33 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ 1.8 ദിവസവും 25 ശതമാനം എണ്ണാന്‍ 1.3 ദിവസവും മതിയാകും. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍