ക്യാപ്റ്റന്‍ കൂള്‍ പൊട്ടിത്തെറിച്ചു; മാച്ച് ഫീയുടെ 50% പിഴ

ജയ്പൂര്‍: ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ക്ഷുഭിതനാവുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. സമ്മര്‍ദഘട്ടങ്ങളിലും പൊതുവെ കൂളാണ് ധോണി. എന്നാല്‍, ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. അമ്പയറുടെ ഒരു തീരുമാനമാണ് ധോണിയെ പ്രകോപിപ്പിച്ചത്. ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോണി മല്‍സര വിലക്കില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍, മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ധോണിക്ക് ചുമത്തിയിട്ടുണ്ട്. മല്‍സരത്തിന്റെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ധോണി, പിന്നീട് ഗ്രൗണ്ടില്‍ ഉടലെടുത്ത ആശയക്കുഴപ്പത്തിനിടെയാണ് വീണ്ടും മൈതാനത്തിറങ്ങിയത്. ചെന്നൈ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ധോണി പുറത്തായതിനു പിന്നാലെയാണ് നടപടിക്ക് ആധാരമായ സംഭവവികാസങ്ങളുടെ തുടക്കം. ഈ സമയം ക്രീസില്‍ രവീന്ദ്ര ജഡേജയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ധോണിക്കു പകരമെത്തിയ മിച്ചല്‍ സാന്റ്‌നറും. ചെന്നൈയ്ക്കു വിജയത്തിലേക്കു വേണ്ടത് മൂന്നു പന്തില്‍ എട്ടു റണ്‍സ്. ഓവറിലെ നാലാം പന്ത് ബെന്‍ സ്റ്റോക്‌സ് എറിഞ്ഞതിനു പിന്നാലെ അംപയര്‍ ഉല്ലാസ് ഗാന്ധെ നോബോളാണെന്ന് അടയാളം കാട്ടി. എന്നാല്‍ ലെഗ് അംപയറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി.
ഈ പന്തില്‍ ജഡേജസാന്റ്‌നര്‍ സഖ്യം ഡബിള്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസില്‍നിന്ന രവീന്ദ്ര ജഡേജ തര്‍ക്കിച്ചു. നോബോള്‍ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തില്‍ അഞ്ചു റണ്‍സായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു. ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയര്‍ ഓക്‌സെന്‍ഫോര്‍ഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി ഡഗ് ഔട്ടില്‍നിന്നും മൈതാനത്തേക്ക് എത്തി. അംപയര്‍ ആദ്യം വിളിച്ച സാഹചര്യത്തില്‍ നോബോള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയര്‍ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ച ധോണി, ശേഷം ഡഗ് ഔട്ടിലേക്കു മടങ്ങി. അവസാന പന്തില്‍ സിക്‌സ് നേടിയ സാന്റ്‌നര്‍ ചെന്നൈയ്ക്ക് സീസണിലെ ആറാം ജയം സമ്മാനിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍