43 ദിവസത്തിനു ശേഷം ബലാകോട്ടില്‍ മാദ്ധ്യമ സംഘം: ബോംബ് വീണിടത്ത് വന്‍ ഗര്‍ത്തമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ ഇന്ത്യ ആക്രമണം കഴിഞ്ഞ് 43 ദിവസങ്ങള്‍ക്കു ശേഷം രാജ്യാന്തര മാദ്ധ്യമ സംഘത്തെ എത്തിച്ച് പാക് സൈന്യം. ഇന്ത്യന്‍ ആക്രമണമുണ്ടായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ബോംബ് വീണ സ്ഥലത്തു വലിയ ഗര്‍ത്തം കണ്ടതായി ഇവര്‍ പറയുന്നു. അതേസമയം, സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവയ്ക്കാനെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന്റെ വാദങ്ങള്‍ തെറ്റാണെന്നും ഇന്ത്യ പറഞ്ഞു. ബി.ബി.സി ഹിന്ദിയുടെ ലേഖകനും സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ആള്‍നഷ്ടമുണ്ടായതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ലെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികവാസികളുമായി ഏറെ നേരം സംസാരിക്കുന്നതിനു സംഘത്തിനു വിലക്കുണ്ടായിരുന്നു. പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് സന്ദര്‍ശനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ഇന്ത്യയുടെ അവകാശവാദങ്ങള്‍ പാടെ തളളിക്കളയുന്നതാണ് ഇവിടുത്തെ കാഴ്ചകളെന്നു ആസിഫ് ഗഫൂര്‍ പറയുന്നു. ഇന്ത്യ തകര്‍ത്തുവെന്നു അവകാശപ്പെടുന്ന മദ്രസയ്ക്കു യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്നും സംഘം പറയുന്നു. ആക്രമണം നടന്നുവെന്നു പറയുന്ന മേഖല ജനവാസമില്ലാത്തതും ഒറ്റപ്പെട്ടതുമാണ്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന മദ്രസയ്ക്കു പ്രത്യക്ഷത്തില്‍ യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. പുതിയതായി പണി കഴിപ്പിച്ച ഒരു കെട്ടിടമായി തോന്നിയില്ല എന്ന് സംഘത്തിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞതായി രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകിട്ടായിരുന്നു സന്ദര്‍ശനത്തിനു പാകിസ്ഥാന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കാട്ടിലെ മരങ്ങളും കുറച്ചു കൃഷിഭൂമിയും മാത്രമാണു തകര്‍ന്നതെന്നാണു പാകിസ്ഥാന്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍, മേഖല മുഴുവന്‍ വളഞ്ഞ് മാദ്ധ്യമങ്ങള്‍ക്കു പോലും പ്രവേശനം നിഷേധിക്കുന്നത് അനുചിതമാണെന്നു രാജ്യാന്തര തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരെ ഈ മേഖലയില്‍ പ്രവേശിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍