സിനിമാ പ്രദര്‍ശനം തടസപ്പെടുത്തി; പശ്ചിമബംഗാള്‍ സര്‍ക്കാരിന ് 20 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ബോബിഷയോതര്‍ ഭൂത് എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനു പശ്ചിമബംഗാള്‍ സര്‍ക്കാരിനു സുപ്രീംകോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. പിഴത്തുക ചലച്ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കു നല്‍കണം. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ആക്ഷേപഹാസ്യമായി പുറത്തിറക്കിയ സിനിമയ്ക്ക് പരോക്ഷ വിലക്കേര്‍പ്പെടുത്തിയതിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി, ആള്‍ക്കൂട്ടത്തെ ഭയന്ന് വായ് മൂടിക്കെട്ടി അഭിപ്രായ സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് അനുമതി നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ബോബിഷയോതര്‍ ഭൂത് പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ബംഗാള്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 15നു റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കുകയായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ അധികൃതര്‍ ഇടപെട്ട് പരോക്ഷ വിലക്കേര്‍പ്പെടുത്തുകയായിരുന്നെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ പിഴത്തുക ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കു നല്‍കണം. ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍