വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം; മുന്‍മന്ത്രി കെ. ബാബുവിന്റെ വിടുതല്‍ ഹര്‍ജി തള്ളി

മൂവാറ്റുപുഴ: അഴിമതി നിരോധന നിയമപ്രകാരം വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുന്‍മന്ത്രി കെ. ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇതോടെ കെ. ബാബുവിനു വിചാരണ നേരിടേണ്ടി വരും. ഏപ്രില്‍ 29നു കേസ് വീണ്ടും പരിഗണിക്കും. കേസില്‍നിന്ന് ഒഴിവാക്കാന്‍ കെ. ബാബു പറഞ്ഞ കാര്യങ്ങള്‍ തെളിവെടുത്തു പരിശോധിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് ജഡ്ജി ബി. കലാം പാഷ കേസ് തള്ളിയത്. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്കു തെളിയിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി.മന്ത്രിയായിരിക്കേ 2007 ജൂലൈ ഒന്നിനും 2016 മേയ് 31നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ കെ. ബാബു അഴിമതി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു തൃപ്പൂണിത്തുറ പ്രതികരണവേദി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി 2018 മാര്‍ച്ച് 18നു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 25,82,069 രൂപയുടെ അധിക വരുമാനം ഉണ്ടെന്നു കുറ്റപത്രത്തിലുണ്ടായിരുന്നു. ഇത് വരുമാനത്തേക്കാള്‍ 49.45 ശതമാനം അധികമാണ്. 52.27 ലക്ഷം രൂപയാണു ബാബുവിന്റെ അംഗീകൃത വരുമാനം. ഇതില്‍ 49.78 ലക്ഷം രൂപ ചെലവാക്കി. പരിശോധനാ സമയത്ത് 28.82 ലക്ഷം രൂപയുടെ അനധികൃത സ്വത്തു വിജിലന്‍സ് കണ്ടെത്തിയിരുന്നു. സമന്‍സ് കിട്ടിയതിനെത്തുടര്‍ന്നു കോടതിയില്‍ ഹാജരായി ജാമ്യമെടുത്തശേഷമാണു ബാബു വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യാത്രച്ചെലവ് ഇനത്തിലും മറ്റുമായി ലഭിച്ച 40 ലക്ഷം രൂപയുടെ വരുമാനം കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയും എംഎല്‍എയും എന്ന നിലയില്‍ ടിഎ, ഡിഎ ഇനത്തില്‍ ലഭിക്കുന്നത് വരുമാനമാണെന്നും ആയത് പരിഗണിച്ചാല്‍ വരുമാനത്തില്‍ കൂടുതല്‍ താന്‍ സന്പാദിച്ചിട്ടില്ലെന്നുമായിരുന്നു കെ. ബാബുവിന്റെ പ്രധാന വാദം. തന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം വില്പന നടത്തിയതിലൂടെ ലഭിച്ച തുക കണക്കിലെടുത്തില്ലെന്നും വാഹനങ്ങള്‍ ഉപയോഗിച്ചതിനുള്ള ചെലവ് കണക്കാക്കിയതില്‍ വന്ന വ്യത്യാസവും മക്കളുടെ കല്യാണവുമായി ബന്ധപ്പെട്ട സ്വര്‍ണത്തിന്റെ കണക്കിലെ തെറ്റും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കു ലഭിച്ച ശമ്പളത്തിന്റെ മൂന്നിലൊരുഭാഗം കുടുംബച്ചെലവിനായി എടുത്തിട്ടുള്ളത് വളരെ ഉയര്‍ന്ന ശതമാനമാണെന്നും ബാബു വാദിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഹര്‍ജി തള്ളിയതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍