പ്രളയാനന്തര പുനര്‍നിര്‍മ്മാണം: ലോക ബാങ്ക് വായ്പ ജൂണില്‍

തിരുവനന്തപുരം : പ്രളയാനന്തര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലോക ബാങ്കിന്റെ ആദ്യ വികസന വായ്പയായ 3500 കോടി രൂപ ജൂണ്‍, ജൂലായ് മാസങ്ങളിലായി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹായം വേഗത്തിലാക്കാനും സാങ്കേതിക തടസം പരിഹരിച്ച് തുടര്‍പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. 70:30 അനുപാതത്തിലാവും വായ്പ ലഭ്യമാക്കുക. ലോകബാങ്കിന്റെ 3500 കോടിയുള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനത്തിനായി കേരളം 5000 കോടി രൂപ ഉപയോഗിക്കണം. ഇതിനായി 1500 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തണം. ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കാകും തുക ചെലവാക്കുക. തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ 1200 കോടി രൂപ പൊതുമരാമത്തു വകുപ്പിനു നേരത്തേ ലഭിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള തുക സംസ്ഥാന വിഹിതമായി പരിഗണിക്കാനാകുമോ എന്നും പരിശോധിക്കും. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ റോസ്ഗാര്‍ യോജന പദ്ധതിയിലൂടെ നന്നാക്കാനാകുമോ എന്നും പരിശോധിക്കും.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തയ പഠനത്തില്‍ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ വേണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴിയാണ് ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും സഹായം തേടിയത്. 11 മേഖലകളുള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖയും മന്ത്രിസഭായോഗം പരിഗണിച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ വിലയിരുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍