ഹരിതകേരളവും കുടുംബശ്രീയും ചേര്‍ന്ന് അയല്‍ക്കൂട്ടങ്ങളില്‍ ജലസഭകളൊരുക്കുന്നു

തൊടുപുഴ: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്റെ ജലമാണ് ജീവന്‍ കാമ്പയിന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. അയല്‍ക്കൂട്ടങ്ങളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 22 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പ്രത്യേക ജലസഭകള്‍ ചേരുന്നത്. ജില്ലയിലാകെ 15,000 അയല്‍ക്കൂട്ടങ്ങളിലായി 1,60,000 അംഗങ്ങളാണുള്ളത്. ഇവരിലൂടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഓരോ കുടുംബത്തിലുമെത്തിക്കുന്നതിനാണ് ജലസഭകളിലൂടെ ലക്ഷ്യമിടുന്നത്.ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ ജലസഭകളില്‍ ചര്‍ച്ചചെയ്യും. കൂടാതെ അതാതു പ്രദേശത്തെ ജലസുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്ത് ജലസംരക്ഷണ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊതുകിണര്‍, പൊതുകുളം എന്നിവ മാലിന്യ മുക്തമാക്കി ഉപയോഗക്ഷമമാക്കല്‍, വേനല്‍മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് റീ ചാര്‍ജ് സംവിധാനമൊരുക്കല്‍ എന്നിവയ്‌ക്കൊപ്പം അയല്‍ക്കൂട്ടഅംഗങ്ങളുടെ വീടുകളില്‍ ജലമിതവ്യയം നടപ്പാക്കുന്നതിനും അയല്‍ക്കൂട്ട ജലസഭകള്‍ ഊന്നല്‍ നല്‍കും. മലിനജലം പുനരുപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനൊപ്പം അവ കൃത്യമായി സംസ്‌കരിക്കുന്നത് ഉറപ്പാക്കുന്നതിലും ശ്രദ്ധചെലുത്തുമെന്ന് ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ ജി.എസ്. മധു, കുടംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.ജി. അജീഷ് എന്നിവര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍