ഉച്ചഭാഷിണികളെ സ്വാഗതം

മാന്യമഹാജനങ്ങളെ, ഇതാ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ വന്നെത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ പെരുമ്പറ കൊട്ടിയിരിക്കുന്നു. ഇതി നാടിനുടയവര്‍ മുതല്‍ സര്‍ക്കാര്‍ വിലാസം തൊഴിലാളികള്‍ വരെ ഔപചാരികതകളും ആലങ്കാരികതകളും ഒഴിവാക്കും. അവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റസംഹിതയിലെ നിബന്ധനകള്‍ ശിരസ്സാവഹിക്കും. വില്ലേജ് ശിപായി മുതല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വരെ പതിവ് ആലസ്യതകളൊക്കെ ഒഴിവാക്കി വിയര്‍പൊഴുക്കി പണിയെടുക്കും. അങ്ങിനെയൊന്നുമായില്ലെങ്കില്‍ ഒരു വിധം തൃപ്തികരമായെങ്കിലും തിരഞ്ഞെടുപ്പ് നടക്കുകയില്ലെന്ന് മറ്റാരെക്കാളും ഇക്കൂട്ടര്‍ക്കൊക്കെ അറിയാം.
മുപ്പത്തിമുക്കോടി രാഷ്ട്രീയപാര്‍ട്ടികളുള്ള നമ്മുടെ രാജ്യത്തെ പാര്‍ട്ടികളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനവസരമുള്ളവര്‍ ചിലര്‍ സ്ഥാനാര്‍ ത്ഥികളെ പ്രഖ്യാപിച്ചു കഴി ഞ്ഞു. മറ്റു ചിലര്‍ക്ക് അവരുടെ ഉയരങ്ങളിലെ ഹജ്ജൂര്‍ കച്ചേരി കഴിഞ്ഞിട്ട് വേണം മത്സരാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കാന്‍. ചിലര്‍ക്ക് ഗോദയിലിറങ്ങാനുള്ള ത്രാണിയും ആള്‍ബലവുമില്ല. അത്തരക്കാര്‍ക്ക് കണ്ണും പൂട്ടി സഖ്യകക്ഷികളെ പിന്തുണക്കാനേ നിവൃത്തിയുള്ളൂ. പിന്നെയുള്ള ഒരു വിശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്മേല്‍ പിളര്‍പ്പിന്റെ വക്കി ല്‍ വരെ എത്തി നില്‍ക്കുന്ന പ്രാദേശികപാര്‍ട്ടികള്‍ ചില സംസ്ഥാനങ്ങളില്‍ ഉണ്ട് എന്നതാണ്. കേവലം 543 ലോകസഭാ സീറ്റുകളിലേക്ക് മൊത്തം സ്ഥാനാര്‍ത്ഥികള്‍ ആയിരങ്ങളുണ്ടാകും. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളനുസരിച്ച് ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരമാവാനാണ് സാധ്യത. അങ്കത്തട്ടില്‍ ഒരു കൂട്ടര്‍ കേന്ദ്രഭരണകക്ഷിയും അവരുടെ കൂട്ടാളികളും തന്നെ. മുന്‍ ഭരണമുന്നണി മറുഭാഗത്ത്. മൂന്നാമതൊരു കൂട്ടര്‍ മഹാസഖ്യമൊന്നോ മൂന്നാം മുന്നണി എന്നോ ഒക്കെയുള്ള പേരില്‍. ഏതായാലും ഇനി രണ്ട് മാസക്കാലം പൊരിഞ്ഞ രാഷ്ട്രീയ യുദ്ധം തന്നെ. ചില പാര്‍ട്ടിക്കാരും മുന്നണികളും പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ ജനങ്ങള്‍ക്ക് പൊതുവെ അനഭിമതര്‍. ചിലര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. ഇക്കാര്യത്തില്‍ വടക്കും തെക്കും ഒക്കെ കണക്ക് തന്നെ.
ഉറപ്പിച്ച സ്ഥാനാര്‍ത്ഥികളും സാധ്യതാ സ്ഥാനാര്‍ത്ഥികളും രാജ്യത്ത് ചിലയിടങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കഴിഞ്ഞു. ഉച്ചഭാഷിണികള്‍ക്ക് വിശ്രമമില്ലാതായി. ഉച്ചഭാഷിണി ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധനകളൊക്കെയുണ്ടെങ്കിലും പലപ്പോഴും ഭരണ-പ്രതിപക്ഷ ഭേദമന്യേ ആ നിബന്ധനകള്‍ അവഗണിക്കപ്പെടുന്നതായി കാണാം. മൈക്കുകെട്ടിയ വാഹനങ്ങള്‍ മണ്ഡലങ്ങളിലൂടെ തലങ്ങും വിലങ്ങുംപായും. വരാനിരിക്കുന്ന ജനവിധിയെ പറ്റി പലര്‍ക്കും പല കണക്കുകൂട്ടലുകളൊക്കെയുണ്ടെങ്കിലും രാജ്യത്തെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ചോദ്യം ഇതാണ്. പ്രധാനമന്ത്രി മോദി വീഴുമോ അതോ തുടര്‍ന്നും വാഴുമോ. ഈ ലക്ഷ്യങ്ങളിലുള്ള വാദകോലാഹലങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നവല്ലോ. ഈ തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുന്നത് വരെ ഇനിയെന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കന്നു.
തുടര്‍ന്നു പറയാന്‍ ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു പാട് വിശേഷങ്ങള്‍ ഇനിയുണ്ടാവും. പ്രധാനമായ ഒരു വിശേഷം ഇതാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ജനിച്ച ഒന്നര കോടി കന്നിവോട്ടര്‍മാര്‍ ഇത്തവണ രാജ്യത്തെ പോളിങ്ങ് ബൂത്തുകളില്‍ തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കാനെത്തും. അവരടക്കം എട്ടരക്കോടിയുവജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്യാന്‍ പോവുന്നത്. രാജ്യത്തിന്റെ സാമ്പത്തികരംഗം, ജനങ്ങളുടെ ജീവിതനിലവാരം, അവരുടെ ജീവിതത്തെബാധിക്കുന്ന മറ്റുപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം രാജ്യ രക്ഷ എന്ന ഒരു പുതിയ വിഷയവും രാമക്ഷേത്രവും, ആള്‍ക്കൂട്ടകൊലയും ഒക്കെ തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ കടന്നുവന്നെന്ന് വരും. അങ്ങിനെ എല്ലാം കൊണ്ടും ഒരു പാടു പ്രത്യേകതകളുള്ള ഒരുതിരഞ്ഞെടുപ്പിനെയാണ് നാം ഇന്ത്യക്കാര്‍ ഇത്തവണ അഭിമുഖൂകരിക്കാന്‍ പോവുന്നത് എന്ന് ചുരുക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍