കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ഫയര്‍ സ്റ്റേഷന് സ്ഥലം അനുവദിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഫയര്‍‌സ്റ്റേഷനു സ്ഥലം അനുവദിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം. സിന്‍ഡിക്കറ്റ് പുന:സംഘടനയ്ക്ക് ശേഷം വിളിച്ചു ചേര്‍ത്ത പ്രഥമ യോഗത്തിലാണ് തീരുമാനം. 1.2 ഏക്കര്‍ സ്ഥലമാണ് അനുവദിച്ചത്. 
പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥലം അനുവദിക്കാമെന്ന് സിന്‍ഡിക്കറ്റ് അറിയിച്ചെങ്കിലും പിന്നീട് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പിന്‍മാറിയിരുന്നു. 
ഇവിടെ നിന്നു രണ്ടു കിലോമീറ്ററോളം മാത്രം അകലെയാണ് ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന ഐഒസിയുടെ പാചകവാതക ഫില്ലിംഗ് പ്ലാന്റുള്ളത്. ആവശ്യമായ സുരക്ഷാ സംവിധാനമില്ലാതെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നാണ് നിന്നു ലഭിക്കുന്ന വിവരം. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും ഭൂമി നല്‍കാന്‍ സര്‍വകലാശാല നേരത്തെ തയാറായിരുന്നില്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഭൂമി നല്‍കൂഎന്നായിരുന്നു അധികൃതരുടെ വാദം. ചേളാരിയില്‍ ഐഒസിയുടെ പാചകവാതക ഫില്ലിംഗ് പ്ലാന്റ് തുടങ്ങിയത് മുതലുള്ള ആവശ്യമാണ് പ്രദേശത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കണമെന്ന്.
ഇവിടെ ഒരു അപകടമുണ്ടായാല്‍ കിലോമീറ്ററുകള്‍ ദൂരത്തുള്ള കോഴിക്കോട്, മലപ്പുറം, തിരൂര്‍ എന്നിവടങ്ങളില്‍ നിന്നു വേണം അഗ്‌നിശമന സേനയെത്താന്‍. കാക്കഞ്ചേരിയിലെ വ്യവസായ കേന്ദ്രമായ കിന്‍ഫ്ര പാര്‍ക്കുള്‍പ്പെടെ നിരവധി വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്. വേനലാകുന്നതോടെ കാലിക്കറ്റ് സര്‍വകലാശാലയിലെ തന്നെ ഏക്കര്‍ കണക്കിനുള്ള പുല്‍ക്കാടുകളില്‍ അഗ്‌നിബാധ ഉണ്ടാകുന്നതു പതിവു കാഴ്ചയാണ്.
പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് അഗ്‌നിശമന സേനയെത്തും മുമ്പേ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കു തീ പടരാതെ രക്ഷപ്പെടാറുള്ളത്. നിയമസഭയിലുള്‍പ്പെടെ പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍