സ്‌പൈഡര്‍മാന്‍ മോഷ്ടാവിനെ പൊലീസ് പിടികൂടി

 ന്യൂഡല്‍ഹി: സ്‌പൈഡര്‍മാന്‍ മോഷ്ടാവ് രവിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മാനസരോവര്‍ ഗാര്‍ഡനില്‍ നിന്നാണ് രവിയെ പൊലീസ് പിടികൂടിയത്. ആറോളം കേസുകളാണ് രവിയുടെ പേരിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി നഗരത്തില്‍ പൊലീസ് പെട്രോളിംഗ് നടത്തിയ ശേഷം തിരികെ സ്റ്റേഷനിലെത്തിയെന്ന് ഉറപ്പിച്ചിട്ടാണ് രവി സ്‌പൈഡര്‍മാനായി മാറുന്നത്. ചുവന്ന ജഴ്‌സിയാണ് മോഷണത്തിന് പോകുമ്പോള്‍ രവി ഉപയോഗിക്കുന്നത്, കൂടാതെ വീടുകളുടെ ബാല്‍ക്കണി വഴി കയറി മോഷണം നടത്താനാണ് ഇയാള്‍ക്കിഷ്ടം. ഇതിനെ തുടര്‍ന്നാണ് കക്ഷിക്ക് സ്‌പൈഡര്‍മാന്‍ എന്ന പേര് ലഭിച്ചത്. രണ്ട് നിലവീടുകളാണ് മോഷ്ടിക്കാനായി ഇയാള്‍ നോട്ടമിടുന്നത്. തുടര്‍ന്ന് വീടുകളുടെ പരിസരം വീക്ഷിച്ച ശേഷം ഏണി വഴിയോ പൈപ്പുകള്‍ വഴിയോ ഇയാള്‍ ബാല്‍ക്കണിയിലെത്തും. ശേഷം വാതില്‍ കുത്തി തുറന്ന് പണമോ സ്വര്‍ണമോ മോഷ്ടിച്ച് ജഴ്‌സിക്കുള്ളില്‍ ഒളിപ്പിച്ച് കടന്നു കളയുകയാണ് പതിവ്. കഴിഞ്ഞ ദിവസം മാനസരോവര്‍ പ്രദേശത്ത് മോഷണം നടത്തിയപ്പോള്‍ സി.സി.ടി.വി സ്‌പൈഡര്‍മാനെ കുരുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡി.സി.പി മൊനിക ഭരദ്വാജ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍