റഫാല്‍ തിരിമറി അംബാനിക്കുള്ള മോദിയുടെ ബൈപാസ് സര്‍ജറി: രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പുറത്തുവന്ന പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതാണെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സര്‍ക്കാരിന്റെ ജോലി ഇപ്പോള്‍ കാണാതാക്കുന്ന പണിയാണെന്നു പരിഹസിച്ച രാഹുല്‍, അനില്‍ അംബാനിക്കു വേണ്ടി നരേന്ദ്രമോദി ചെയ്ത ബൈപാസ് സര്‍ജറിയാണിതെന്നും കുറ്റപ്പെടുത്തി. രണ്ടു കോടി തൊഴിലവസരങ്ങളും കര്‍ഷകര്‍ക്കു ന്യായവിലയും 15 ലക്ഷം രൂപയുടെ വാഗ്ദാനവും പോലെ കാണാതായതാണു റഫാല്‍ രേഖകളെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുപറയാനാവില്ലെന്നാണു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നു രേഖകള്‍ കാണാനില്ലെന്നും പുറത്തുവന്ന രേഖകള്‍ മോഷ്ടിച്ചതാണെന്നും. അതിന്റെ അര്‍ഥം പുറത്തുവന്ന രേഖകള്‍ സത്യസന്ധമാണെന്നാണ്. ഇക്കാര്യം സമ്മതിക്കാതെ രേഖകള്‍ മോഷ്ടിച്ചത് അന്വേഷിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ക്രമക്കേടിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷിക്കാന്‍ തയാറാകുന്നില്ല. അനില്‍ അംബാനിക്കു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തി എന്നാണ് രേഖകളില്‍ പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണം. അഴിമതി നടന്നിട്ടില്ലെങ്കില്‍ എന്തിനു അന്വേഷണത്തെ ഭയപ്പെടുന്നെന്നും രാഹുല്‍ ചോദിച്ചു. അനില്‍ അംബാനിക്ക് അനധികൃതമായി പണം നല്‍കാനാണ് കരാര്‍ മനഃപൂര്‍വം വൈകിപ്പിച്ചത്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നീക്കം നടത്തിയത്. ഇവിടെ നടന്നിരിക്കുന്നതു കൃത്യമായ അഴിമതിയാണ്. പ്രധാനമന്ത്രിക്കെതിരേ ക്രിമിനല്‍ കേസെടുക്കാനുള്ള എല്ലാ തെളിവുകളും രേഖകളില്‍ വ്യക്തമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാടിലെ രേഖകള്‍ കാണാതായിട്ടുണ്ടെ ങ്കില്‍ അതിനു പിന്നില്‍ മോദിയെ രക്ഷിക്കാനുള്ള ശ്രമമാണ്. മാധ്യമങ്ങള്‍ക്കെതിരെ ഔദ്യോഗിക രഹസ്യനിയമം ചുമത്താനാണു സര്‍ക്കാര്‍ നീക്കം.അങ്ങനെയെങ്കില്‍ അതു ചെയ്യൂ. അപ്പോള്‍ ഈ രേഖ യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും സര്‍ക്കാരും കോടതിയും നീതി നടപ്പിലാക്കുകയാണു വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍