മെഹുല്‍ ചോക്‌സി വജ്രക്കല്ല് എന്ന പേരില്‍ വിറ്റത് കൃത്രിമക്കല്ലുകള്‍

ന്യുയോര്‍ക്ക്: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്ന് ഒളിച്ചോടിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ കമ്പനി വജ്രക്കല്ലുകള്‍ എന്ന പേരില്‍ വിറ്റഴിച്ചിരുന്നത് കൃത്രിമമായി വികസിപ്പിച്ച കല്ലുകളെന്നു റിപ്പോര്‍ട്ട്. യുഎസ് പാപ്പരത്ത കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോണ്‍ എം. കാര്‍നി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. യഎസിലെ ചോക്‌സിയുടെ കമ്പനി സാമുവല്‍സ് ജുവലേഴ്‌സ് സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഒരു സ്ഥാപനം വഴി ചോക്‌സി രഹസ്യമായി നിയന്ത്രിച്ചിരുന്ന ഒരു ലബോറട്ടറിയിലാണ് ഈ കൃത്രിമക്കല്ലുകള്‍ വികസിപ്പിച്ചത്. ചോക്‌സിയുടെ കമ്പനിയായ ഗീതാജ്ഞലി ജെംസിന്റെ കീഴിലാണ് സാമുവല്‍സ് ജുവലേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. ചോക്‌സിയുടെ പുത്രന്‍ രോഹനും അനന്തരവന്‍ നെഹല്‍ മോദിയുമാണ് ഈ കന്പനിയുടെ നേതൃസ്ഥാനം വഹിച്ചിരുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജനുവരിയില്‍ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നശേഷവും, ചോക്‌സി നെഹല്‍ മോദിയടക്കമുള്ളവരുമായി ന്യുയോര്‍ക്കിലെ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗീതാജ്ഞലി ജെംസുമായി ബന്ധമുള്ള, ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന വൊയേജര്‍ ബ്രാന്‍ഡ്‌സ് എന്ന കമ്പനിയോട്, സാമുവല്‍സ് ജുവലേഴ്‌സുമായുള്ള സാന്പത്തിക ഇടപാടുകള്‍ അടങ്ങുന്ന സെര്‍വറുകള്‍ നശിപ്പിക്കാന്‍ നെഹല്‍ മോദി ആവശ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ളവയുടെ തെളിവുകള്‍ അടങ്ങിയതായിരുന്നു ഈ സെര്‍വറുകള്‍. ചെറുകിട വജ്രവ്യാപാരികള്‍ക്ക് സാമുവല്‍സ് ജുവലേഴ്‌സ് നല്‍കിയിരുന്ന വജ്രക്കല്ലുകളുടെ നിലവാരം അളക്കുന്നത് ഇന്‍ഡിപെന്‍ഡന്റ് ജെമോളജിക്കല്‍ ലബോറട്ടസീസ് (ഐജിഎല്‍) എന്ന കമ്പനിയായിരുന്നു. ചോക്‌സിയുടെ സഹോദരിയും മറ്റു ചിലരും ചേര്‍ന്നാണ് ഈ കമ്പനി നിയന്ത്രിച്ചിരുന്നത്. സാമുവല്‍സ് സ്വാഭാവികമെന്ന വിശേഷിപ്പിച്ച ഒരു വജ്രക്കല്ല് ഐജിഎല്‍ കൃത്രിമമെന്നു കണ്ടെത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ, വിദേശത്ത് രണ്ടു കമ്പനികള്‍ രൂപീകരിച്ച് ഈ കമ്പനികളിലൂടെ ചോക്‌സി ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായതായി കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍