ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നതു ചട്ടലംഘനം; വ്യക്തിഹത്യ പാടില്ല

കണ്ണൂര്‍: മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചു ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയായി ഉപയോഗിക്കരുത്. 
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല പ്രവര്‍ത്തനങ്ങളിലും മാത്രമായി അത് ഒതുക്കി നിര്‍ത്തേണ്ടതാണ്. 
പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തെക്കുറിച്ചു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കരുത്. മറ്റു പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണം. 
വോട്ടര്‍മാര്‍ക്കു കൈക്കൂലി നല്‍കല്‍, അവരെ ഭീഷണിപ്പെടുത്തല്‍, കള്ളവോട്ട്‌ചെയ്യല്‍, പോളിംഗ് സ്‌റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാരെ വാഹനത്തില്‍ എത്തിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണം. 
അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നു. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ ചെന്നു തങ്ങളുടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. 
ഒരു പാര്‍ട്ടിയുടെ പോസ്റ്ററുകളും ബാനറുകളും മറ്റും മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍