മലബാറിലെ ആദ്യത്തെ അമ്മയും കുഞ്ഞും ആയുര്‍വേദ ആശുപത്രി പൂര്‍ത്തിയാകുന്നു

പരിയാരം: മലബാര്‍ മേഖലയില്‍ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിക്കു വേണ്ടി പരിയാരത്തു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ജൂണ്‍ അവസാനത്തോടെ ഇന്‍സ്റ്റലേഷന്‍ നടപടി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനുളള ശ്രമത്തിലാണ് അധികാരികള്‍. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള പരിശോധനയും ചികിത്സയും പ്രസവാനന്തരം മാതൃശിശു പരിചരണവും നല്‍കുന്ന ആയുര്‍വേദ മേഖലയില്‍ മലബാര്‍ മേഖലയിലെ ആദ്യത്തെ ആശുപത്രിയാണു പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നത്. നാലു നിലകളിലായി 14.65 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ മിനുക്കുപണികള്‍ അവസാനഘട്ടത്തിലാണ്.ഒന്നാംനിലയുടെ മുഴുവന്‍ പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 25 വീതം കിടക്കകളാണു സജ്ജമാക്കുന്നത്. മേജര്‍ സര്‍ജറി തിയേറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ് എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തികള്‍ക്കു 3.5 കോടിയുടെ എസ്റ്റിമേറ്റ് ഹിന്ദുസ്ഥാന്‍ ലീവര്‍ ലിമിറ്റഡ് കമ്പനി തയാറാക്കിക്കഴിഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിക്കു മാത്രമായി 37 പുതിയ തസ്തികകളും അനുവദിച്ചു കഴിഞ്ഞു. പ്രസവ പ്രസവാനന്തര ചികിത്സാരംഗത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും മാതൃജന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായും പൊതുതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അവസാനിച്ചു ജൂണ്‍ മാസം അവസാനത്തോടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനം നടത്താനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ. എന്‍. അജിത്ത് കുമാര്‍, അസി. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കെ. ലോഹിതാക്ഷന്‍ എന്നിവര്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍