യുപി പിടിക്കാന്‍ പ്രിയങ്കയുടെ ഗംഗായാത്ര; ഉന്നം മോദിയുടെ വാരാണസി


ലക്‌നോ: ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗായാത്ര ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക ഗംഗയിലൂടെ ബോട്ട് യാത്ര നടത്തുന്നത്. പ്രയാഗ് രാജില്‍നിന്നു 140 കിലോമീറ്റര്‍ ബോട്ടിലാണു പര്യടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര അവസാനിക്കുന്നത്. 
പ്രയാഗ്രാജ്മിര്‍സാപുര്‍ ജില്ലകളിലൂടെയാണ് പ്രിയങ്കയുടെ ബോട്ട് യാത്ര. യാത്രയ്ക്കിടെ പ്രിയങ്ക ഗംഗയുടെ തീരങ്ങളില്‍ താമസിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്തുണ ആവശ്യപ്പെടുകയും ചെയ്യും. സംസ്ഥാന രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച് തുറന്ന കത്തും പ്രിയങ്കയുടേതായി കോണ്‍ഗ്രസ് പുറത്തുവിട്ടു.
ഞായറാഴ്ച ലക്‌നോവിലെത്തിയ പ്രിയങ്ക യോഗി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രിയങ്കയുടെ രണ്ടാം സംസ്ഥാന സന്ദര്‍ശനമാണിത്. നാലു ദിവസം പ്രിയങ്ക സംസ്ഥാനത്തുണ്ടാകുമെന്നാണു സൂചന. 
ഗംഗയുടെ തീരത്ത് താമസിക്കുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബോട്ട് യാത്രയ്ക്കിടെ പ്രിയങ്ക ചില ക്ഷേത്രങ്ങളും ദര്‍ഗകളും സന്ദര്‍ശിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഗംഗ ശുദ്ധീകരിക്കുമെന്ന ബിജെപി സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചുകാട്ടലാണ് പ്രിയങ്ക ബോട്ട് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഹോളി ആഘോഷത്തിലും പങ്കെടുക്കും.
എന്നിരുന്നാലും ഏറ്റവും കൂടുതല്‍ അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന യുപിയെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു നിരീക്ഷകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതല നല്‍കിയശേഷം ഇത് രണ്ടാം തവണ മാത്രമാണ് പ്രിയങ്ക സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം.സംസ്ഥാനത്ത് മായാവതിഅഖിലേഷ് യാദവ് കൂട്ടുകെട്ടുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ന്യൂനപക്ഷ, എസ് സി, ഒബിസി വോട്ടുകള്‍ ഭിന്നിച്ച് ബിജെപിക്ക് അനുകൂലമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ഞായറാഴ്ച മഹാസഖ്യ നേതാക്കള്‍ മത്സരിക്കുന്ന ഏഴു മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ടിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍