ഏറ്റവും വലിയ വെല്ലുവിളി സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം : ജി മാധവന്‍നായര്‍

അമൃതപുരി: പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റിന്റേയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍. കൊല്ലം അമൃതപുരി കാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് വിദ്യുത് 19 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളെ വിവേകപൂര്‍വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ ഗവേഷണത്തില്‍ മറ്റ് പല രാഷ്ട്രങ്ങളേക്കാള്‍ ഇരുപത് വര്‍ഷത്തിന് ശേഷം കടന്ന് വന്ന ഇന്ത്യ ഇന്ന് ഈ രാഷ്ട്രങ്ങളെയെല്ലാം പിന്നിലാക്കി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. 
ഇത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്നതാണ്. ലഭ്യമാകുന്ന സൗരോര്‍ജത്തില്‍ ഇരുപത് ശതമാനം മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. സൗരോര്‍ജത്തെ സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അതിനായുള്ള ഗവേഷണങ്ങള്‍ ഈരംഗത്ത് കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വികസനത്തിനായി അമൃതഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന ഗവേഷണങ്ങള്‍ മാതൃകാപരമാണെന്ന് അമൃതവിശ്വവിദ്യാപീഠം ഡീന്‍ ഡോ.ബാലകൃഷ്ണശങ്കര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഐആര്‍ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.ചന്ദ്രശേഖര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ശങ്കര ഗണേഷ്, സായിറാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശാസ്ത്ര സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മത്സരങ്ങള്‍ നടന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിദ്യുത് 19ല്‍ കേരളത്തിനകത്തും പുറത്തുമുള്ള 150ല്‍പ്പരം കോളേജുകളില്‍ നിന്നായി 3500ലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി നാല്‍പ്പതില്‍പ്പരം മത്സരങ്ങള്‍, ഇരുപത്തിയഞ്ചിലധികം ശില്പശാലകള്‍, പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍, സാംസ്‌കാരികപരിപാടികള്‍, സംഗീത സദസ്, നൃത്തമത്സരങ്ങള്‍, ശാസ്ത്രപ്രദര്‍ശനം, ഫാഷന്‍ഷോ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 15ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍