പൊതുവിതരണ സംവിധാന ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം: മന്ത്രി പി. തിലോത്തമന്‍

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ കേരളത്തിലെ പൊതുവിതരണ സംവിധാന ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓടനാവട്ടത്ത് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി പൊതുവിതരണ രംഗത്ത് വിലനിയന്ത്രണം ഉറപ്പാക്കി. മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി. ഭക്ഷ്യോല്‍പ്പന്ന വിതരണത്തിന് പുറമേ ഗൃഹോപകരണ വില്‍പ്പനയിലേക്കും സപ്ലൈകോ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്. മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കിയ ശേഷം അവ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കി കൂടുതല്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. പി. അയിഷ പോറ്റി എംഎല്‍എ അധ്യക്ഷയായി. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, വൈസ് പ്രസിഡന്റ് ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എല്‍.ബാലഗോപാല്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, സപ്ലൈകോ മേഖല മാനേജര്‍ എ.രമാദേവി, ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി കെ. ജോണ്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍