മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും കാര്യം രാഹുല്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പൂര്‍ണമായി കോണ്‍ഗ്രസ് അധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന നിലപാടുള്ള മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, വി.എം. സുധീരന്‍, കെ. സുധാകരന്‍ എന്നിവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുലിന്റേതാകും. എന്നാല്‍ ഇവര്‍ മത്സരിച്ചേക്കില്ലെന്നാണു സൂചന. തിരുവനന്തപുരത്ത് ശശി തരൂര്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, കോഴിക്കോട്ട് എം.കെ. രാഘവന്‍ എന്നിവരുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തിലും തര്‍ക്കമില്ല. ചാലക്കുടിയിലും തൃശൂരിലുമായി ബെന്നി ബഹനാന്‍, കെ.പി. ധനപാലന്‍, ടി.എന്‍. പ്രതാപന്‍, മാത്യു കുഴല്‍നാടന്‍, ഡോ. നിജി ജസ്റ്റിന്‍, കെ.സി. റോസക്കുട്ടി എന്നീ പേരുകളാണു പ്രധാനമായും പരിഗണിക്കുന്നത്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി, എറണാകുളത്ത് കെ.വി. തോമസ് എന്നിവര്‍ക്കെതിരേ പാര്‍ട്ടിയിലെ ചിലര്‍ തന്നെ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കെ.വി. തോമസ് പിന്മാറിയാലേ ഹൈബി ഈഡന്‍ എംഎല്‍എയെ പരിഗണിക്കൂ. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എന്നിവരാണു സജീവമായുള്ളത്. കെ.സി. വേണുഗോപാല്‍ പിന്മാറിയ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നീ പേരുകള്‍ക്കാണു മുന്‍തൂക്കം. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ്, എം.എം. ഹസന്‍, ടി. അസിഫലി തുടങ്ങിയ നിരവധി പേരുകളാണു പരിഗണനയില്‍. കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പാലക്കാട്ട് വി.കെ. ശ്രീകണ്ഠനും ഷാഫി പറന്പിലുമാണു മുന്നില്‍. സുമേഷ് അച്യുതന്‍, ലതികാ സുഭാഷ് തുടങ്ങിയ പേരുകളും ചര്‍ച്ചയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍