പൊതുതെരഞ്ഞെടുപ്പ്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെമിനാറുകള്‍ നടത്തും

കൊച്ചി: പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാജ്യത്തു വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലും സെമിനാറുകളും15നു പൂര്‍ത്തിയാകും. നിലവിലെ സാമൂഹികരാഷ്ട്രീയ സ്ഥിതിഗതി വിലയിരുത്താനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമാണ് പരിപാടി. സിബിസിഐയുടെ 14 റീജണല്‍ കൗണ്‍സിലുകള്‍, കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ 174 രൂപത സമിതികള്‍, വിവിധ അല്മായ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു. രാജ്യത്തു കത്തോലിക്കാ വിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാവകാശങ്ങളുടെ ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങള്‍, കത്തോലിക്കാ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍, കാര്‍ഷിക മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, ദളിത് ക്രൈസ്തവ സംവരണം തുടങ്ങിയവ കൂടാതെ പ്രാദേശിക ജനകീയ വിഷയങ്ങളും സെമിനാറുകളില്‍ ചര്‍ച്ച ചെയ്യും. സഭയിലെ വൈദികരും സന്യസ്തരും അല്മായരും സംവാദങ്ങളില്‍ പങ്കെടുക്കും. കത്തോലിക്കാ സഭാ വിശ്വാസികള്‍ക്ക് രയരശഹമശ്യേ@ഴാമശഹ.രീാ എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. വിലയിരുത്തലുകളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് 20ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിക്കു റിപ്പോര്‍ട്ട് നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍