ചരിത്രം അറിയില്ലെങ്കില്‍ പഠിക്കൂ'; ഇന്ദിരയെ കൂട്ടുപിടിച്ച് മോദിക്ക് കോണ്‍ഗ്രസിന്റെ കുത്ത്

ന്യൂഡല്‍ഹി: നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്നും ചരിത്രം അറിയില്ലെങ്കില്‍ പഠിക്കണമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് നിര്‍മലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്നു മോദി പറഞ്ഞത്. പാക് കസ്റ്റഡിയില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന്‍ തമിഴ്‌നാട്ടുകാരനാണ് എന്നതില്‍ തമിഴ്‌നാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞതിനൊപ്പം 'ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്‌നാട്ടുകാരിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന് മോദി പറഞ്ഞു. ഇതിനെതിരേയാണു കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകള്‍ക്കിടെ ഈ പാഠം പഠിക്കാന്‍ വിട്ടു പോയതാണോ എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുണ്ടന്ന അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. 1983ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മോദി ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്ന് മുന്‍ വൈസ് ചാന്‍സലര്‍ എം.എന്‍. പട്ടേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ പരസ്യമാക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടല്ല.1975ലാണ് പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 1980ല്‍ വീണ്ടും അവര്‍ പ്രതിരോധമന്ത്രി സ്ഥാനം കൈയാളി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍