പൊതുസമൂഹത്തിന് ഭീഷണി ആയവരെ കണ്ടെത്താന്‍ പോലീസ് വിവരശേഖരണം തുടങ്ങി

ഒറ്റപ്പാലം: പൊതുസമൂഹത്തിന് ഭീഷണി ആയവരെ അമര്‍ച്ച ചെയ്യുന്നതിനും ഇവരെ കണ്ടെത്തുന്നതിനും പോലീസ് വിവരശേഖരണം തുടങ്ങി. ഗുണ്ടകളുടെയും ക്വട്ടേഷന്‍ കാരുടെയും ശല്യം നിയന്ത്രിക്കാന്‍ മുമ്പ് ഷാഡോ പോലീസിനെ ഉപയോഗിച്ച മാതൃകയില്‍ തന്നെയാണ് പുതിയ സംവിധാനത്തിനും പോലീസ് തയ്യാറായിട്ടുള്ളത്. സ്ഥിരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍, അവസരം കിട്ടുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ആണ് പോലീസ് നടപടികള്‍ തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതികളുടെ വിവരശേഖരണം ആരംഭിച്ചുകഴിഞ്ഞു. 
ഇതോടൊപ്പം ഓപ്പറേഷന്‍ ഗുണ്ടാ ,ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ, ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്നീ പദ്ധതികളുടെ ഭാഗമായിരുന്നവരെ ചേര്‍ത്താണ് പുതിയ അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത്. ഇവരാണ് മേല്‍പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയും ക്രിമിനലുകള്‍ ആരൊക്കെയാണെന്ന് തരം തിരിക്കുകയും ചെയ്യുക. സമീപകാലത്തായി ബ്ലേയ്ഡ് മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ അമര്‍ച്ചചെയ്യാന്‍ പോലീസ് തയ്യാറാക്കിയ ഓപ്പറേഷന്‍ കുബേര സമീപകാലത്ത് നിര്‍ജ്ജീവമായത് ബ്ലേഡ് മാഫിയകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതായി ആണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പുതിയ പോലീസ് സ്‌കോഡ് രൂപീകരണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. സമീപകാലത്തായി ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടിവരുന്നതായാണ് ആഭ്യന്തരവകുപ്പിലെ വിലയിരുത്തല്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ സെക്യൂരിറ്റി കേസുകള്‍ സംഘം രജിസ്റ്റര്‍ ചെയ്യും. റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ തുറന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തീരുമാനമുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ക്കെതിരെ 107 സിആര്‍പിസി 151 സിആര്‍പിസി കാപ്പാ തുടങ്ങിയ നിയമങ്ങളുടെ സഹായത്തോടെ നടപടിയെടുക്കും. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരും ഒന്നില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ എല്ലാ പ്രതികളുടെയും വിവരശേഖരണം നടന്നുവരികയാണ്. മേല്‍പറഞ്ഞ പ്രതികളായ ആളുകളുടെ വിവരശേഖരണത്തിന് ഒപ്പം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ കൂട്ടുപ്രതികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ എന്നിവയും ശേഖരിക്കും. ഇത്തരക്കാര്‍ക്കു മേല്‍ കര്‍ശന നിരീക്ഷണവും ഉണ്ടാകും. സമീപകാലത്തായി ക്വാട്ടേഷന്‍ സംഘാംഗങ്ങളും ഗുണ്ടകളും വ്യാപകമായി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍