പാര്‍ട്ടി വിട്ടാല്‍ ജോസഫിനെ എല്‍.ഡി.എഫിലെടുക്കുന്നത് ആലോചിക്കാമെന്ന് കോടിയേരി

തിരുവനന്തപുരം: പരസ്യമായി സീറ്റ് നിഷേധിച്ചതിന് ശേഷവും കെ.എം.മാണിക്കൊപ്പം നാണംകെട്ട് തുടരണമോയെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി വിട്ട് വന്നാല്‍ എല്‍.ഡി.എഫില്‍ എടുക്കുന്നത് അപ്പോള്‍ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ച വിഷയത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്മാണെന്നും ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പി.ജെ.ജോസഫിനെ ഒഴിവാക്കിയെന്നത് കേരള കോണ്‍ഗ്രസ് പരിഹരിക്കേണ്ട വിഷയമാണ്. അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണത്. അവരതു കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കെ.എം.മാണി, പി.ജെ.ജോസഫ്, ജോസ് കെ.മാണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ഇന്നലെ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ മറ്റു നേതാക്കള്‍ വിഷയത്തെ ഗൗരവത്തില്‍ കാണുന്നുവെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി സാഹചര്യമനുസരിച്ച് ഇടപെടുമെന്ന സൂചനയും നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍