ബംഗാളില്‍ കളംപിടിക്കാന്‍ മമതയുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥികള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിക്കുന്ന ബിജെപിയെ മെരുക്കാന്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥികളുമായി മമത ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന 42 തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 17 പേരും വനിതകളാണ്. ഇതില്‍തന്നെ സിനിമാ താരങ്ങള്‍ക്കാണു മമത മുന്‍ഗണന നല്‍കിയിരിക്കുന്നതും.സിറ്റിംഗ് എംപിയും പ്രശസ്ത സിനിമാ താരവുമായ മൂണ്‍ മുണ്‍ സിംഗ് അസന്‍ സോണില്‍ സ്ഥാനാര്‍ഥിയാകും. സിനിമ താരങ്ങളായ നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ എന്നിവരും പട്ടികയിലുണ്ട്. ബാസിര്‍ഹത്തില്‍നിന്നാണ് നുസ്രത് ജനവിധി തേടുന്നത്. മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍നിന്നു മത്സരിക്കും. സംസ്ഥാനത്ത് പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന സുബ്രത മുഖര്‍ജി, സുബ്രത ബക്ഷി, സന്ധ്യ റോയ്, ഉമ സോറെന്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറിലാണു മത്സരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി അനുപം ഹസ്രയ്‌ക്കെതിരെ ഭോല്‍പ്പൂരില്‍ അസിത് കുമാര്‍ മാല്‍ സ്ഥാനാര്‍ഥിയാകും. ഗോര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് അമര്‍ സിംഗ് റായി ഡാര്‍ജലിംഗ് സീറ്റില്‍ മത്സരിക്കും. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് മമത സീറ്റ് നല്‍കിയിട്ടില്ല.
ആകെ സീറ്റുകളുടെ 41 ശതമാനമാണ് തൃണമൂല്‍ വനിതകള്‍ക്കു നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യം നല്‍കുന്നത്. നേരത്തെ 33 ശതമാനം സീറ്റുകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍