സീറ്റ് നല്‍കിയില്ലെങ്കില്‍ കനത്ത തിരിച്ചടി ; പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപിയുടെ നേതാവ് സാക്ഷി മഹാരാജ്. തന്റെ മണ്ഡലത്തില്‍ വേറെ ആരെയെങ്കിലും മത്സരിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ഉന്നാവോ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ സാക്ഷി മഹാരാജിന്റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്കു സാക്ഷി മഹാരാജ് അയച്ച കത്ത് പുറത്തായി. ഉന്നാവോയില്‍ സീറ്റ് ഉറപ്പിച്ചതായാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. എന്നാല്‍ തന്നെ ഒഴിവാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം വൃണപ്പെടും. തെരഞ്ഞെടുപ്പ് ഫലം ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് സാക്ഷി മഹാരാജ് കത്തയച്ചത്. അതേസമയം സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍