ദുബായിലേക്കു പറക്കാന്‍ എമിറേറ്റ്‌സും റെഡി കൊണ്ടോട്ടി:

കരിപ്പൂരില്‍ നിന്നു ദുബായിലേക്കു വലിയ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനു എമിറേറ്റ്‌സ് എയര്‍ നടത്തിയ സുരക്ഷാ പരിശോധന തൃപ്തികരം. ബി 777300 ഇആര്‍, ബി 777200 എല്‍ആര്‍ എന്നിവ ഉപയോഗിച്ച് ദുബായ് സര്‍വീസ് നടത്തുന്നതിനാണ് വിമാന കമ്പനി തയാറായത്. എമിറേറ്റ്‌സ് സംഘം ഇന്നലെ കരിപ്പൂരിലെത്തി സുരക്ഷ പരിശോധന നടത്തി. എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് മോഹന്‍ ശര്‍മ, സീനിയര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍ എന്‍ജിനിയര്‍ മന്ദാര്‍ വേലാങ്കര്‍, സിവില്‍ എവിയേഷന്‍ ലയ്‌സണ്‍ മാനേജര്‍ മുനവര്‍ ഹാഷിക്, എന്‍ജിനിയര്‍ ഷമീര്‍ കാലടി, അക്കൗണ്ട്‌സ് മാനേജര്‍ രവികേഷ് എന്നിവരാണ് സുരക്ഷ പരിശോധനയുടെ ഭാഗമായി കരിപ്പൂരിലെത്തിയത്. വിമാനത്താവള റണ്‍വേ, വിമാനങ്ങള്‍ നിര്‍ത്തുന്ന ഏപ്രണ്‍ , റിസ അടക്കമുളള സ്ഥലങ്ങള്‍ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. പരിശോധനയ്ക്ക് ശേഷമാണ് സുരക്ഷ വിലയിരുത്തല്‍ തൃപ്തികരമാണെന്നു എയര്‍പോര്‍ട്ട് അഥോറിറ്റിയെ എമിറേറ്റ്‌സ് അറിയിച്ചത്. ഒരാഴ്ചയ്ക്കകം എയര്‍പോര്‍ട്ട് അഥോറിറ്റിയും വിമാന കന്പനിയും ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കും. നേരത്തെ എയര്‍ഇന്ത്യക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഥോറിറ്റിയുടെ കൈവശമുണ്ട്. ഇവയില്‍ എമിറേറ്റ്‌സ് വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് തയാറാക്കുക. ഇതിനാവശ്യമായ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം എമിറേറ്റ്‌സ് അഥോറ്റിക്ക് കൈമാറും. തുടര്‍ന്ന് അഥോറിറ്റിയും വിമാന കന്പനിയും ഒപ്പിട്ട റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അഥോറിറ്റി ഡല്‍ഹിയിലെ കേന്ദ്ര കാര്യാലയത്തിനു കൈമാറും. ഇവിടെ നിന്നാണ് അന്തിമ അനുമതിക്കായി ഡിജിസിഎക്ക് സമര്‍പ്പിക്കുക. അനുമതി ലഭിച്ചാല്‍ താമസമില്ലാതെ സര്‍വീസ് നടത്താമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവു, വ്യോമഗതാഗത വിഭാഗം (എടിസി) മേധാവി മുഹമ്മദ് ഷാഹിദ്, ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി. മാക്‌സിസ്, ഡിജിഎം ആന്‍ഡ് സേഫ്റ്റി മാനേജര്‍ എം.വി. സുനില്‍, കമ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഓപ്പറേഷന്‍സ് വിഭാഗം ഡിജിഎം ജയവര്‍ധന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കരിപ്പൂരിലെത്തിയ സംഘത്തിനു മലബാര്‍ ഡവലപ്‌മെന്റ് ഫോറം സ്വീകരണം നല്‍കി. എംഡിഎഫ് പ്രസിഡന്റ് കെ.എം. ബഷീര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ.സി. അബ്ദുറഹ്മാന്‍, ഇസ്മായില്‍ പുനത്തില്‍, മുഹമ്മദ് ഹസന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍