ഒഴിവു നികത്താന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കരുതെന്നു കോടതി

കൊച്ചി: വിവിധ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറങ്ങളിലെ അധ്യക്ഷ പദവിയടക്കമുള്ള ഒഴിവുകള്‍ നികത്തുന്നതിനു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമാക്കരുതെന്നു ഹൈക്കോടതി. സാധാരണ ഭരണനിര്‍വഹണ നടപടിയായി പരിഗണിച്ച് ഒഴിവുകള്‍ നികത്താവുന്നതാണെന്നും വേനലവധിക്കുശേഷം കോടതി തുറക്കുന്ന സമയത്തിനകം എല്ലാ ജില്ലകളിലെയും ഒഴിവുകള്‍ നികത്തുമെന്നു പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറങ്ങളില്‍ അംഗങ്ങളില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി കൂടി ഫയലില്‍ സ്വീകരിച്ചിരുന്നു. ഹര്‍ജി പരിഗണിക്കവേ ജില്ലാ കളക്ടര്‍മാര്‍ അപേക്ഷകരുടെ പാനല്‍ നല്‍കാത്തതാണു നിയമനം വൈകുന്നതിനു കാരണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍