പരീക്ഷാനടത്തിപ്പ് എല്ലാ വാഴ്‌സിറ്റികളിലും ഒരുപോലെയാക്കണം: ഗവര്‍ണര്‍

കോട്ടയം: പരീക്ഷ നടത്തിപ്പ്, ഫലംപ്രഖ്യാപിക്കല്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കുന്നതുമടക്കമുള്ള നടപടി എല്ലാ സര്‍വകലാശാലകളിലും ഏകീകൃതരീതിയില്‍ നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. എംജി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ മികച്ച യൂണിവേഴ്‌സിറ്റിക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി യൂണിവേഴ്‌സിറ്റിക്കും എമര്‍ജിംഗ് യംഗ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്കും സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. വിവിധ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി പോലും വ്യത്യസ്തമാണ്. പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും നിയമനത്തിലും ഏകീകൃത രീതി നടപ്പാക്കിയാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിക്കും. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഏകീകൃത അക്കാദമിക കലണ്ടര്‍ നടപ്പാക്കാനുള്ള നടപടി സ്വാഗതാര്‍ഹമാണന്നും ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് കോടി രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. ഒരു കോടി രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് എമര്‍ജിംഗ് യംഗ് അവാര്‍ഡ്. എംജി യൂണിവേഴ്‌സിറ്റിക്കു രണ്ടാം തവണയാണ് ചാന്‍സലേഴ്‌സ് അവാര്‍ഡ് ലഭിക്കുന്നത്. ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായി എംജി യൂണിവേഴ്‌സിറ്റിയും മാറും എന്ന് ആക്ടിംഗ് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷതവഹിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ.രാജന്‍ ഗുരുക്കള്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊതാവത്, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദേവന്ദ്രകുമാര്‍ സിംഗ്, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍