സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം; ഓര്‍ഡിനന്‍സിന് കേന്ദ്ര കാബിനറ്റ് അംഗീകാരം

ന്യൂഡല്‍ഹി: സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും. മോദിസര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇതോടെ പിന്നോക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിലുണ്ടായ ആശങ്കയ്ക്കു താല്‍ക്കാലിക പരിഹാരമായിരിക്കുകയാണ്. നിരവധി വിദ്യാര്‍ഥി സംഘടനകളാണ് സംവരണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നത്.
അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠന വകുപ്പുകള്‍ യൂണിറ്റായി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയോടെയാണ് സര്‍വകലാശാലയിലെ നിയമനം പ്രതിസന്ധിയിലായത്. അലഹബാദ് ഹൈക്കോടതിയാണ് കോളജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപക നിയമനത്തിന് പഠന വകുപ്പുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും ഹൈക്കോടതി ഉത്തരവ് കോടതി ശരിവച്ചു. പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി.ഈ ഉത്തരവ് നടപ്പായാല്‍ സംവരണ വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകുമായിരുന്നു. നേരത്തെ സര്‍വകലാശാലകളിലെ മൊത്തം അധ്യാപക തസ്തികകള്‍ അടിസ്ഥാനപെടുത്തിയായിരുന്നു സംവരണം നിശ്ചയിച്ചിരുന്നത്. ഇതില്‍ നിന്ന് മാറി ഡിപാര്‍ട്ടുമെന്റുകള്‍ യൂണിറ്റായി പരിഗണിച്ചാല്‍ ഓരോ തസ്തിക മാത്രം ഉള്ളിടങ്ങളില്‍ സംവരണം നല്‍കേണ്ടതില്ല. ഇത് വലിയ തോതിലുള്ള സംവരണ ചോര്‍ച്ചക്കിടയാക്കും. ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ദലിത്, ന്യൂനപക്ഷ സംഘടനകളും പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍