കൃത്രിമ ബുദ്ധിയുടെ കരുത്തില്‍ എമിസാറ്റ് ആകാശക്കണ്ണാകും

തിരുവനന്തപുരം: ശത്രുരാജ്യത്തിന്റെ ചിറകനക്കം മാത്രമല്ല, രഹസ്യസന്ദേശങ്ങള്‍ വരെ പകര്‍ത്തുന്ന കൃത്രിമബുദ്ധിയുടെ കണ്ണുകള്‍ ഇനി ബഹിരാകാശത്ത് ഇന്ത്യയ്ക്കായി കാവല്‍നില്‍ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍, സ്വയംപ്രവര്‍ത്തന ശേഷിയുള്ള എമിസാറ്റ് അത്യാധുനിക സൈനിക ഉപഗ്രഹം ഈ മാസം ഇന്ത്യ ബഹിരാകാശത്തെത്തിക്കും. വിക്ഷേപണത്തീയതി അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 21ഓടെ പി.എസ്.എല്‍.വിയുടെ ചിറകില്‍ എമിസാറ്റ് കുതിക്കുമെന്നാണ് കരുതുന്നത്.ഹൈദരാബാദിലെ ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടിയുടെ 'കൗടില്യ' പദ്ധതിക്കു കീഴില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട എമിസാറ്റ്, അമേരിക്കയുടെ ഓറിയോണ്‍ ചാര ഉപഗ്രഹത്തിനു സമാനമാണ്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും ഐ.എസ്.ആര്‍.ഒയും സംയുക്തമായാണ് നിര്‍മ്മാണം. ശത്രുരാജ്യങ്ങളുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകളും, മിസൈലുകള്‍ പോലെ ഇലക്‌ട്രോണിക്‌സ് അധിഷ്ഠിത ആയുധങ്ങളുടെ സിഗ്‌നലുകളും പിടിച്ചെടുത്ത്, സ്വയം പ്രതിരോധ നടപടികള്‍ തീരുമാനിച്ച് നടപ്പാക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ഇത്തരം സിഗ്‌നലുകള്‍ സ്വീകരിച്ച് വിശകലനം ചെയ്യുന്നത് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനുകളിലാണ്. ഇതിന് രണ്ടു പരിമിതകളുണ്ട് കൂടുതല്‍ സമയമെടുക്കും: കൃത്യത കുറവായിരിക്കുകയും ചെയ്യും. മിസൈല്‍ ആക്രമണ സാഹചര്യത്തിലും മറ്റും ഞൊടിയിടയിലുള്ള പ്രതിരോധത്തിന് ഇത് തടസ്സമാണ്. എന്നാല്‍, ആകാശത്തു വച്ചുതന്നെ സിഗ്‌നലുകളുടെ വിശകലനവും പ്രതിരോധവും എമിസാറ്റ് നിശ്ചയിക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവില്‍ പ്രവര്‍ത്തിക്കുന്ന എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് സവിശേഷത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍