കശ്മീരില്‍ വീണ്ടും പുല്‍വാമ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ നടന്നതുപോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. കാശ്മീരില്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്ബില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണം പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലും പരിസരങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സുരക്ഷ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്‌നാഗിലും അതിതീവ്രതയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താന്‍ സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. എസ്.യു.വി വാഹനങ്ങള്‍ സ്‌ഫോടനത്തിന് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മു നഗര മദ്ധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയോടെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമ ആവര്‍ത്തിക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് കാശ്മീരില്‍ ആക്രമണം നടത്ത്. ഗ്രനേഡ് എറിഞ്ഞ യാസിര്‍ ജാവീദ് ഭട്ട് എന്ന ഹിസ്ബുള്‍ ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാമില്‍ നിന്ന് ജമ്മുവിലെത്തിയ ഇയാള്‍ ബസ് സ്റ്റാന്‍ഡിലേ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സി.സി.ടി. വി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലില്‍ നഗരപരിധിയിലെ ഒരു ടോള്‍ പ്ലാസയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹിസ്ബുള്‍ ഭീകരഗ്രൂപ്പിന്റെ കുല്‍ഗാം ജില്ലാ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് തന്ന് ദൗത്യം ഏല്‍പ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍