ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങള്‍: ആദ്യ പത്തില്‍ ഏഴും ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാമാണ് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമെന്നും ഐക്യുഎയര്‍ എയര്‍വിഷ്വലും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. ഗാസിയബാദ്, ഫരീദാബാദ്, ബിവാന്‍ഡി, നോയിഡ, പാറ്റ്‌ന, ലക്‌നോ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരങ്ങള്‍. രണ്ടു പാക്കിസ്ഥാന്‍ നഗരങ്ങളും ഒരു ചൈനീസ് നഗരവും ആദ്യ പത്തില്‍ ഇടം നേടി. ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22 നഗരങ്ങളും ഇന്ത്യയിലാണെന്നും പഠനം പ!റയുന്നു. അതേസമയം, വായുമലിനീകരണ തോത് കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശാണ് ഒന്നാമത്. പാക്കിസ്ഥാന്‍ രണ്ടാമതും ഇന്ത്യ മൂന്നാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. അന്തരീക്ഷ മലിനീകരണം ലോകത്ത് 70 ലക്ഷം ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും പഠനത്തില്‍ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മൂവായിരത്തോളം നഗരങ്ങളാണ് പഠനത്തിനായി എടുത്തത്. ഇതില്‍ 64 ശതമാനം നഗരങ്ങള്‍ക്കും ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന ഗുണനിലവാരമില്ലെന്നും പഠനത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍