സ്ത്രീകളോടുള്ള അടിമത്ത മനോഭാവം മാറണം: എം.സി. ജോസഫൈന്‍

കൊച്ചി: സ്ത്രീകളോടുള്ള സമൂഹത്തിന്റെ അടിമത്ത മനോഭാവം മാറാതെ ശാക്തീകരണം സാധ്യമാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ലോക വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സാര്‍വദേശീയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതികളാണ് ഇന്നും സമൂഹം സ്ത്രീകളോട് പുലര്‍ത്തുന്നത്. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഉന്നത വിദ്യാഭ്യസം ഉള്ള സ്ത്രീകള്‍ പോലും ഇത്തരം പരാതികളുമായി വനിതാ കമ്മീഷനെ സമീപിക്കാറുണ്ട് അവര്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് പ്രായമായവരെ നടതള്ളുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഒത്തുചേരാനും അവരുടെ വിവിധങ്ങളായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായാണ് ഇത്തരത്തില്‍ ഒരു വേദി ഒരുക്കിയതെന്നും ജോസഫൈന്‍ പറഞ്ഞു. മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. ജിവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഏഴു വനിതകളെ ഹൈബി ഈഡന്‍ എംഎല്‍എ ആദരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍